വെള്ളിയില്‍ 'പൊള്ളുന്ന' കുതിപ്പ്: കിലോയ്ക്ക് 3 ലക്ഷം കടന്നു; ഇത് നിക്ഷേപിക്കാന്‍ പറ്റിയ സമയമോ?

Published : Jan 22, 2026, 04:48 PM IST
silver price today india 20 january 2026 investment hallmark import guide

Synopsis

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വെള്ളിക്ക് കരുത്തായത്.

സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും റെക്കോര്‍ഡ് കുതിപ്പ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ വിപണിയിലും വെള്ളിവില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 3 ലക്ഷം രൂപ പിന്നിട്ടു. വെറും മൂന്നാഴ്ചയ്ക്കുള്ളില്‍ 30 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെള്ളി വിപണിയില്‍ 'കുമിള' രൂപപ്പെടുകയാണോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്നലെ രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 94.75 ഡോളര്‍ വരെ ഉയര്‍ന്ന വെള്ളി, പിന്നീട് 93.30 ഡോളറിലേക്ക് താഴ്ന്നു.

എന്തുകൊണ്ട് ഈ കുതിപ്പ്?

ആഗോളതലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വെള്ളിക്ക് കരുത്തായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തോടൊപ്പം വെള്ളിയെയും നിക്ഷേപകര്‍ ആശ്രയിക്കുന്നു. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വെള്ളി കിലോയ്ക്ക് 3.27 ലക്ഷം രൂപ വരെ ഉയര്‍ന്നു നില്‍ക്കുകയാണ്.

ഇത് 1970-ലെ ആവര്‍ത്തനമോ?

വെള്ളിവില കുതിച്ചുയരുമ്പോള്‍ 1970-കളില്‍ ഉണ്ടായ തകര്‍ച്ചയെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്. അന്ന് ഹണ്ട് ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്നവര്‍ വിപണി പിടിച്ചടക്കാന്‍ ശ്രമിച്ചതും പിന്നീട് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ വില 78 ശതമാനത്തോളം ഇടിഞ്ഞതും ചരിത്രം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു. അന്ന് ഒരു പ്രത്യേക വിഭാഗം വിപണിയെ നിയന്ത്രിക്കുകയായിരുന്നു എന്നും എന്നാല്‍ ഇന്ന് ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കറന്‍സി മൂല്യത്തകര്‍ച്ചയുമാണ് വില വര്‍ധിപ്പിക്കുന്നത്. എങ്കിലും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും ഇവര്‍ പറയുന്നു.

നിക്ഷേപകര്‍ ശ്രദ്ധിക്കാന്‍:

അമിത ആവേശം വേണ്ട: വെള്ളി വിലയില്‍ വലിയ മാറ്റങ്ങള്‍ പെട്ടെന്ന് സംഭവിക്കാം. അതുകൊണ്ട് കൈയിലുള്ള മുഴുവന്‍ തുകയും ഒറ്റയടിക്ക് നിക്ഷേപിക്കരുത്.

സ്വര്‍ണമല്ല വെള്ളി: കേന്ദ്ര ബാങ്കുകളുടെ പിന്തുണയുള്ള സ്വര്‍ണം പോലെയല്ല വെള്ളിയെന്നും, ഇതില്‍ ഊഹക്കച്ചവടം കൂടുതലാണെന്നും ഓര്‍ക്കുക.

ദീര്‍ഘകാല നിക്ഷേപം: വിലയില്‍ താല്‍ക്കാലിക തിരുത്തലുകള്‍ ഉണ്ടായേക്കാമെങ്കിലും അടുത്ത ഏതാനും വര്‍ഷങ്ങള്‍ ലോഹങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നിലവിലെ കുതിപ്പ് തുടരുമെങ്കിലും വിപണിയില്‍ എപ്പോള്‍ വേണമെങ്കിലും നിയന്ത്രണങ്ങള്‍ വരാമെന്നും ലാഭമെടുക്കാന്‍ ശ്രമിക്കുന്നവര്‍ കൃത്യമായ പ്ലാനിംഗോടെ നീങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇനി 'ഡയമണ്ട്' എന്നാല്‍ പ്രകൃതിദത്തം മാത്രം; വജ്രവില്‍പനയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിഐഎസ്
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം