
ലോകരാജ്യങ്ങള്‍ക്കിടയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവു വന്നതോടെ ആഗോള വിപണിയില്‍ സ്വര്‍ണം, വെള്ളി, അസംസ്‌കൃത എണ്ണ എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും, ഇറാനുമായി ഈ ആഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചകളുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
വെള്ളിക്ക് കനത്ത തിരിച്ചടി
വിലയില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് വെള്ളിയിലാണ്; ഏകദേശം 15 ശതമാനത്തോളം ഇടിവ്. സ്വര്‍ണം, അസംസ്‌കൃത എണ്ണ , ചെമ്പ് എന്നിവയുടെ വിലയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലായിരുന്നു (ഔണ്‍സിന് 5,594.82 ഡോളര്‍). എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റഴിക്കാന്‍ തുടങ്ങിയതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണമായത്.
സമാധാന നീക്കങ്ങള്‍ തുണയായി
അമേരിക്കയും ഇറാനും തമ്മില്‍ ഒമാനില്‍ വച്ച് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ നിന്നുളള എണ്ണ വിതരണം തടസ്സപ്പെടുമെന്ന പേടി വിപണിയില്‍ നിന്ന് ഒഴിഞ്ഞു. ട്രംപ്-ഷി ചിന്‍പിങ് ചര്‍ച്ചയോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളിലും അയവ് വന്നിട്ടുണ്ട്.
കരുത്താര്‍ജിച്ച് ഡോളര്‍
അന്താരാഷ്ട്ര വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചതും ലോഹങ്ങളുടെ വില കുറയാന്‍ കാരണമായി. കെവിന്‍ വാര്‍ഷിനെ അടുത്ത ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതോടെ ഡോളര്‍ ഇന്‍ഡക്‌സ് കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണമോ എണ്ണയോ വാങ്ങുന്നവര്‍ക്ക് അത് വലിയ ചെലവേറിയതാകും. ഇതാണ് വിപണിയില്‍ ഡിമാന്‍ഡ് കുറയാന്‍ ഇടയാക്കിയത്.
മറ്റു വിപണികളില്‍
ചെമ്പ്: നിര്‍മ്മാണ മേഖലയില്‍ പ്രധാനമായ ചെമ്പിനും വില കുറഞ്ഞു. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ചെമ്പിന്റെ സ്റ്റോക്ക് വര്‍ധിച്ചതാണ് ഇതിന് കാരണം.
സോയാബീന്‍: മറ്റു സാധനങ്ങള്‍ക്ക് വില കുറഞ്ഞപ്പോള്‍ സോയാബീന്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായി. ചൈന അമേരിക്കയില്‍ നിന്ന് കൂടുതല്‍ സോയാബീന്‍ വാങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് പിന്നില്‍.
ഇരുമ്പ്: സ്റ്റോക്ക് അധികമായതോടെ ഇരുമ്പയിരിന്റെ വിലയും രണ്ട് ശതമാനം ഇടിഞ്ഞു.
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ കൂടി വരുന്നതോടെ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം.