POSCO - Adani Deal : കൊറിയൻ കമ്പനിയുമായി ചേർന്ന് ഗുജറാത്തിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ അദാനി

By Web TeamFirst Published Jan 13, 2022, 6:30 PM IST
Highlights

ഇരു കമ്പനികളും ഇന്ന് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്

ദില്ലി: ദക്ഷിണ കൊറിയൻ സ്റ്റീൽ കമ്പനി പോസ്കോയുമായി ചേർന്ന് ഇന്ത്യയിൽ അഞ്ച് ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപം നടത്താൻ ഗൗതം അദാനിയുടെ ശ്രമം. ഇരു കമ്പനികളും ചേർന്ന് ഗുജറാത്തിലാണ് സ്റ്റീൽ മിൽ സ്ഥാപിക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ലോജിസ്റ്റിക്‌സ് തുടങ്ങിയ വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ബൃഹത്തായ പദ്ധതിയാണ് അണിയറയിൽ തയ്യാറാകുന്നത്.

കരാറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ കമ്പനികൾ അധികം വൈകാതെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു കമ്പനികളും ഇന്ന് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കൾക്ക് ഓട്ടോമോട്ടീവ് സ്റ്റീൽ പോസ്കോ കമ്പനി ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ 1.8 ദശലക്ഷം ടൺ ശേഷിയുള്ള കോൾഡ്-റോൾഡ് ആൻഡ് ഗാൽവാനൈസ്ഡ് മിൽ കമ്പനിക്കുണ്ട്.

ഒഡീഷയിൽ 12 ബില്യൺ ഡോളറിന്റെ വമ്പൻ സ്റ്റീൽ പ്ലാന്റിന് പോസ്കോ നേരത്തെ നീക്കം തുടങ്ങിയിരുന്നു. എന്നാൽ 12 ദശലക്ഷം ടൺ വാർഷിക ശേഷിയുള്ള ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനായില്ല. ഭൂമി ഏറ്റെടുക്കലിലെ അമിതമായ കാലതാമസം മൂലമാണ് ഏതാനും വർഷം മുൻപ് പോസ്കോ ഈ പദ്ധതി ഉപേക്ഷിച്ചത്.

അടുത്ത പത്ത് വർഷം കൊണ്ട് റിന്യൂവബിൾ എനർജി സെക്ടറിൽ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. 2025 ഓടെ തങ്ങളുടെ തുറമുഖ ബിസിനസിനെ നെറ്റ് സീറോ കാർബൺ എമിറ്ററാക്കാനും ഗൗതം അദാനിക്കും കമ്പനിക്കും ആലോചനയുണ്ട്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി വ്യാപാരിയാണ് അദാനി എന്റർപ്രൈസസ്. 

click me!