ജെറ്റ് എയര്‍വേയ്സില്‍ നിന്നും പുറത്താക്കപ്പെട്ട 500 പേരെ ജോലിക്കെടുത്തെന്ന് സ്പൈസ് ജെറ്റ്

By Web TeamFirst Published Apr 19, 2019, 10:39 PM IST
Highlights

നേരത്തെ സ്പൈസ് ജെറ്റ് ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വ്വീസിനെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 22 ബോയിങ് 737 വിമാനങ്ങളും ഉള്‍പ്പെടും

ദില്ലി: ജെറ്റ് എയര്‍വേയ്സില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികളില്‍ നിന്നും 500 പേരെ ജോലിക്കായി സ്വീകരിച്ചതായി സ്പൈസ് ജെറ്റ്. ഇതില്‍ 100 പൈലറ്റുമാരും ഉള്‍പ്പെടുമെന്നും സമീപഭാവിയില്‍ കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ സ്പൈസ് ജെറ്റ് ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വ്വീസിനെത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 22 ബോയിങ് 737 വിമാനങ്ങളും ഉള്‍പ്പെടും. ഇതിലേക്കായാണ് തൊഴിലാളികളെ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് തൊഴിലാളികളെ സ്വീകരിക്കുമ്പോള്‍ ആദ്യ പരിഗണന ജെറ്റ് എയര്‍വേയ്സിലെ തൊഴിലാളികള്‍ക്കായിരിക്കുമെന്ന് വ്യക്മാക്കിയിരുന്നു. 

സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് നിലം തൊട്ടതോടെ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് അവസരം മുതലാക്കാന്‍ തയ്യാറെടുക്കുകയാണ് സ്പൈസ് ജെറ്റ്. ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വീസിനെത്തിച്ച് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. നിലവില്‍ സ്പൈസ് ജെറ്റിന് 76 വിമാനങ്ങളാണുളളത്. പുതിയ 27 വിമാനങ്ങളും കൂടി കമ്പനിയോട് കൂട്ടിച്ചേര്‍ത്ത് എണ്ണം 100 മുകളിലെത്തിക്കാനാണ് സ്പൈസിന്‍റെ ശ്രമം. പുതിയ വിമാനങ്ങളെല്ലാം പാട്ടവ്യവസ്ഥയിലായിരിക്കും കമ്പനിയുടെ ഭാഗമാക്കുക.

click me!