
കൊളംബോ: വീണ്ടും ചൈനയോട് സഹായം തേടി ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം രംഗങ്ങളിലേക്ക് സഹായം നൽകണമെന്നാണ് കൊളംബോയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന്റെ ആവശ്യം. നാല് ബില്യൺ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്. ശ്രീലങ്ക 22 ദശലക്ഷം ജനസംഖ്യയുള്ള രാജ്യമാണ്. 1948 ൽ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഭക്ഷണവും മരുന്നും ഇന്ധനവും കിട്ടാതെ പൊറുതി മുട്ടിയിരിക്കുകയാണ് ലങ്കയിലെ ജനം.
ഈ സാഹചര്യത്തിലാണ് പഴയ ബന്ധം പൂർവ്വാധികം ശക്തിപ്പെടുത്താനുള്ള എംബസിയുടെ നീക്കം. ശ്രീലങ്കയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാൻ ചൈനീസ് കമ്പനികളോട് ആവശ്യപ്പെടണമെന്ന് ലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. തേയില, സഫയർ, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവ ചൈനീസ് കമ്പനികൾ ശ്രീലങ്കയിൽ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. ചൈനയ്ക്ക് കൊളംബോയിലും ഹമ്പൻതോട്ടയിലും തുറമുഖങ്ങളുടെ വികസനത്തിനായി നിക്ഷേപിക്കാമെന്നും ചൈനയിലെ ശ്രീലങ്കൻ അംബാസഡർ പലിത കൊഹോന പറഞ്ഞു.
കൊവിഡ് കാലത്ത് നടക്കാതെ പോയ നിക്ഷേപ പദ്ധതികൾ ഇനി നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇതിന് പുറമെ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് എത്തിക്കാനും എംബസി താത്പര്യപ്പെടുന്നുണ്ട്. 2018 ൽ ചൈനയിൽ നിന്ന് 2.65 ലക്ഷം വിനോദസഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്. എന്നാൽ 2019 ൽ ഒരാൾ പോലും ചൈനയിൽ നിന്ന് ശ്രീലങ്കയിലേക്ക് എത്തിയിരുന്നില്ല.
Read More : ഇന്ത്യയിലെ സാമ്പത്തിക സാഹചര്യത്തെ ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നതില്‍ എന്തു കാര്യം? ഇന്ത്യന്‍ മഹായുദ്ധം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് എംഡിയും സിഇഒയുമായ രാജേഷ് ഝാ. ശ്രീലങ്കൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിഴിഞ്ഞം പോർട്ടിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ ലംഘനവുമായി ബന്ധപ്പെട്ട് സംസാരിച്ച് പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുനരധിവസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയം ദുരീകരിക്കുമെന്നും ചർച്ച ചെയ്ത് ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തേക്ക് ആവശ്യമായ പാറക്കലുകൾ ഉറപ്പാക്കിയിട്ടുണ്ട്. എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതിയുടെ നിർമ്മാണം വൈകി. അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. പദ്ധതിക്കെതിരെ വിഴിഞ്ഞത്തെ ജനങ്ങൾ കാലങ്ങളായി പ്രതിഷേധത്തിലാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തെ തുറമുഖ നിർമ്മാണം ബാധിക്കുന്നതും കര കൂടുതൽ കൂടുതൽ കടലെടുക്കുന്നതും പ്രതിഷേധത്തിന്റെ ശക്തി കൂട്ടുന്നു. തുറമുഖത്തിന് വേണ്ടി പാറകൾക്കായി കുന്നിടിക്കുന്നതും പ്രതിഷേധത്തിന് കാരണമാണ്.