ഇന്ത്യൻ വംശജനെ സ്വന്തമാക്കി കോർപ്പറേറ്റ് ഭീമൻ; ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

By Web TeamFirst Published Sep 2, 2022, 12:03 PM IST
Highlights

സുന്ദർ പിച്ചൈ, സത്യ നാദെല്ല, ശന്തനു നാരായൺ എന്നിവർക്ക് പിറകെ അമേരിക്കൻ കോർപ്പറേറ്റ് ഭീമന്റെ തലപ്പത്തേക്ക് ലക്ഷ്മൺ നരസിംഹൻ. സ്റ്റാർബക്സിന്റെ പുതിയ സിഇഒയെ കുറിച്ച് അറിയേണ്ടതെല്ലാം 

ന്യൂയോർക്ക്: ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സ് ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ അടുത്ത  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ആയി നിയമിച്ചു.നിലവിൽ ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ തലവനായ നരസിംഹൻ ഒക്ടോബറിൽ സ്റ്റാർബക്‌സിലേക്ക് എത്തും. എന്നാൽ ഏപ്രിലിൽ ആയിരിക്കും സ്റ്റാർബക്സിന്റെ ഇടക്കാല സിഇഒ ആയ ഹൊവാർഡ് ഷൾട്ട്‌സിൽ നിന്ന് ചുമതലയേൽക്കുക

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ 5 ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം

ലക്ഷ്മൺ നരസിംഹന്  മുൻപ്  പ്രമുഖ യുഎസ് കോർപ്പറേറ്റ് കമ്പനികളുടെ സിഇഒ ആയ ഇന്ത്യൻ വംശജരാണ് മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ആൽഫബെറ്റിലെ സുന്ദർ പിച്ചൈ, അഡോബിലെ ശന്തനു നാരായൺ, ഡിലോയിറ്റിലെ പുനിത് റെൻജെൻ, ഫെഡെക്‌സിന്റെ രാജ് സുബ്രഹ്മണ്യം എന്നിവർ. പെപ്‌സികോയുടെ ഇന്ദ്ര നൂയിയും മാസ്റ്റർകാർഡിന്റെ അജയ് ബംഗയും ഇതിൽ ഉൾപ്പെടുന്നു. 

ഡ്യൂറെക്‌സ് കോണ്ടം, എൻഫാമിൽ ബേബി ഫോർമുല, മ്യൂസിനെക്‌സ് കോൾഡ് സിറപ്പ് എന്നിവ നിർമ്മിക്കുന്ന റെക്കിറ്റിന്റെ സിഇഒ ആയിരുന്നു നരസിംഹൻ. ആ പോസ്റ്റിൽ നിന്ന് അദ്ദേഹം വിടവാങ്ങുന്നതായി അദ്ദേഹം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ലക്ഷ്മൺ നരസിംഹൻ ഏപ്രിലിൽ ചുമതയേൽക്കുന്നത് വരെ, ഇടക്കാല സിഇഒ ആയ ഹോവാർഡ് ഷുൾട്സ് കമ്പനിയെ നയിക്കും. കെവിൻ ജോൺസൺ വിരമിച്ചതിന് ശേഷം ഏപ്രിലിൽ മൂന്നാം തവണയും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തതാണ് ഹോവാർഡ് ഷുൾട്സ്.

ലക്ഷ്മൺ നരസിംഹൻ, പൂണെ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു, തുടർന്ന്, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇന്റർനാഷണൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും നേടി.

സ്റ്റാർബക്‌സിൽ എത്തുന്നതിനായി അദ്ദേഹം ലണ്ടനിൽ നിന്ന് വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക്  താമസം മാറും, ഏപ്രിലിൽ ഔപചാരികമായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ ഷുൾട്സുമായി ചേർന്ന് പ്രവർത്തിക്കും ഷുൾട്സ് സ്റ്റാർബക്സ് ബോർഡിൽ അംഗമായി തുടരും, ചുമതല കൈമാറിയ ശേഷം നരസിംഹന്റെ ഉപദേശകനായി പ്രവർത്തിക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു

click me!