
ആഗോള കാപ്പി ശൃംഖലയായ സ്റ്റാര്‍ബക്‌സ് ചൈനയിലെ പ്രവര്‍ത്തനങ്ങളില്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് നിക്ഷേപ സ്ഥാപനമായ ബോയു കാപ്പിറ്റലുമായി സംയുക്ത സംരംഭം ആരംഭിക്കന്‍ സ്റ്റാര്‍ബക്‌സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. ചൈനയിലെ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ബക്‌സിന്റെ ഈ പുതിയ നീക്കം. സ്റ്റാര്‍ബക്‌സിന്റെ ചൈനയിലെ 60 ശതമാനം ഓഹരി ബോയു കാപ്പിറ്റല്‍ സ്വന്തമാക്കും. ഇതിന്റെ മൂല്യം ഏകദേശം 35,200 കോടി രൂപയാണ്. സംയുക്ത സംരംഭത്തില്‍ സ്റ്റാര്‍ബക്‌സിന് 40 ശതമാനം ഓഹരി വിഹിതം ഉണ്ടാകും. സ്റ്റാര്‍ബക്‌സ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയും ലൈസന്‍സും സ്റ്റാര്‍ബക്‌സില്‍ തന്നെ നിലനിര്‍ത്തും. ഓഹരി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം, നിലനിര്‍ത്തുന്ന 40% ഓഹരിയുടെ മൂല്യം, റോയല്‍റ്റി എന്നിവ ഉള്‍പ്പെടെ ചൈനയിലെ സ്റ്റാര്‍ബക്‌സ് ബിസിനസിന്റെ മൊത്തം മൂല്യം ഏകദേശം 1,14,000 കോടി രൂപ വരുമെന്ന് കമ്പനി അറിയിച്ചു.
ഏകദേശം 30 വര്‍ഷം മുമ്പ് ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാര്‍ബക്‌സാണ് രാജ്യത്ത് കാപ്പി ഒരു ട്രെന്‍ഡായി വളര്‍ത്തിയെടുത്തതില്‍ പ്രധാന പങ്ക് വഹിച്ചത്. യുഎസിന് പുറത്ത് സ്റ്റാര്‍ബക്‌സിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ചൈന. ഇവിടെ ഏകദേശം 8,000 സ്റ്റോറുകള്‍ അവര്‍ക്കുണ്ട്. എങ്കിലും, അടുത്തിടെ ലക്കിന്‍ കോഫി പോലുള്ള ചൈനീസ് സ്റ്റാര്‍ട്ടപ്പുകള്‍ കുറഞ്ഞ വിലയില്‍ കാപ്പി വില്‍പന നടത്തി അതിവേഗം വളരുന്നത് സ്റ്റാര്‍ബക്‌സിന് വലിയ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ്, പ്രത്യേകിച്ച് ചെറുകിട നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി ഒരു പങ്കാളിയെ തേടാന്‍ സ്റ്റാര്‍ബക്‌സ് തീരുമാനിച്ചത്. 20,000 സ്റ്റോറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ ബോയു കാപ്പിറ്റലുമായുള്ള സഹകരണം സഹായിക്കുമെന്ന് സ്റ്റാര്‍ബക്‌സ് ചെയര്‍മാനും സിഇഒയുമായ ബ്രയാന്‍ നിക്കോള്‍ പറഞ്ഞു. സ്റ്റാര്‍ബക്‌സിന്റെ ചൈന ആസ്ഥാനം ഷാങ്ഹായില്‍ തന്നെ തുടരും.