പൊങ്ങിപ്പറക്കുന്ന ഈ 27 ഓഹരികള്‍ക്കും പിന്നില്‍ ഒരേ കാരണം; 2023-ല്‍ ആരൊക്കെ തിളങ്ങും?

Published : Dec 13, 2022, 03:47 PM IST
പൊങ്ങിപ്പറക്കുന്ന ഈ 27 ഓഹരികള്‍ക്കും പിന്നില്‍ ഒരേ കാരണം; 2023-ല്‍ ആരൊക്കെ തിളങ്ങും?

Synopsis

ഓഹരി വിപണിയിൽ നിക്ഷേപിച്ച് നേട്ടം കൊയ്യുന്നവർ ഏറെയാണ്. എന്നാൽ എവിടെ, എങ്ങനെ, എപ്പോ നിക്ഷേപിക്കണമെന്ന തീരുമാനം പ്രധാനമാണ്.  2023-ല്‍ വിപണി കീഴടക്കുന്ന ഓഹരികൾ അറിഞ്ഞിരിക്കാം   

വര്‍ഷം ആദ്യ പകുതിയില്‍ ആഭ്യന്തര ഓഹരി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴാകട്ടെ ആവേശകരമായ കുതിപ്പിന്റെ പാതയിലൂടെ മുന്നേറുകയുമാണ്. ഇതിനിടെ നിരവധി ഓഹരികള്‍ നേട്ടമുണ്ടാക്കിയെങ്കിലും കുതിച്ചുയര്‍ന്ന ചില ഓഹരികള്‍ക്ക് പൊതുവില്‍ ചില സാമ്യങ്ങളുണ്ടായിരുന്നു. കോവിഡ് മഹമാരിക്കു ശേഷമുള്ള കാലയളവിനിടെ കടബാധ്യത ഗണ്യമായി ചുരുക്കുന്നതിനും ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്തിയതുമായ ഘടകങ്ങളാണത്.

2021 സാമ്പത്തിക വര്‍ഷത്തില്‍ 4 മടങ്ങിലധികമുണ്ടായിരുന്ന കടം-ഓഹരി അനുപാതം, വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേര്‍സും പ്രമുഖ ഭക്ഷണശാല ശൃംഖലയായ ദേവയാനി ഇന്റര്‍നാഷണലും 1-ന് താഴേക്കെത്തിച്ചുകൊണ്ട് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഇതേ കാലയളവില്‍ 1,000 കോടിയിലധികം വിപണി മൂല്യമുള്ള 100 കമ്പനികളെങ്കിലും അവഗണിക്കാവുന്ന നിലയിലേക്ക് കടബാധ്യത കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. വന്‍കിട കമ്പനികളായ ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, വേദാന്ത ലിമിറ്റഡ് തുടങ്ങിയവയും ചെറുകിട കമ്പനികളായ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ്, ഇന്തോ രാമ സിന്തറ്റിക്‌സ്, കാംലിന്‍ ഫൈന്‍ സയന്‍സസ് എന്നിവയും തങ്ങളുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ കടബാധ്യത ക്രമാനുഗതമായി ചുരുക്കിയ ഭൂരിഭാഗം ഓഹരികളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരതയാര്‍ന്ന കുതിപ്പ് കാഴ്ചവെയ്ക്കുന്നു. എല്‍പ്രോ ഇന്റര്‍നാഷണല്‍, ജിഎംഎം ഫോഡ്‌ലര്‍, ഐനോക്‌സ് വിന്‍ഡ്, അസഹി ഇന്ത്യ ഗ്ലാസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് എന്നീ ഓഹരികളാകട്ടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ക്ക് ഇരട്ടയക്ക നേട്ടമാണ് സമ്മാനിച്ചത്.

മൂലധന ചെലവിടല്‍ ഉയരുന്നു

ആഗോള തലത്തില്‍ നോക്കിയാല്‍ കോര്‍പറേറ്റ് കടവും രാജ്യത്തിന്റെ ജിഡിപിയും തമ്മിലുള്ള അനുപാതം ഇരട്ടയക്ക നിരക്കില്‍ താഴ്ത്തിക്കൊണ്ടുവന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കമ്പനികളുടെ കടബാധ്യത കുറയുന്നത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും സഹായിക്കുന്നു. ഇതിലൂടെ അടുത്തഘട്ടം വികസനത്തിലേക്കുള്ള വഴി തെളിയും. ഈ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിലെ ലിസ്റ്റ് ചെയ്യപ്പെട്ട സ്വകാര്യ കമ്പനികളുടെ മൂലധന നിക്ഷേപ പദ്ധതികള്‍ 7 ലക്ഷം കോടി മറികടന്നു. സര്‍വകാല റെക്കോഡ് നിലവാരമാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6.4 ലക്ഷം കോടിയുടെ മൂലധന ചെലവിടലിനായിരുന്നു സ്വകാര്യ മേഖല സാക്ഷ്യം വഹിച്ചത്.

ആരൊക്കെ തിളങ്ങും?

ആരോഗ്യകരമായ നിലവാരത്തിലേക്ക് ഉയര്‍ന്ന ബാലന്‍സ് ഷീറ്റിന്റേയും ഉത്സാഹഭരിതമായ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ എനര്‍ജി, പവര്‍, മൈനിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍, റിയല്‍ എസ്റ്റേറ്റ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പിഎല്‍ഐ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന മേഖലയില്‍ നിന്നുള്ള ഓഹരികള്‍ അടുത്ത വര്‍ഷം മികച്ച രീതിയില്‍ ശോഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പൊതുവില്‍ സൂചിപ്പിക്കുന്നത്.

(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ