ഇന്ത്യയിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സുസുകി മോട്ടോർ

By Web TeamFirst Published May 31, 2021, 10:56 AM IST
Highlights

ലാറ്റിൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ-പൂർവ ഏഷ്യ എന്നിവിടങ്ങളെയും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വർധിപ്പിക്കാനാണ് ശ്രമം

മുംബൈ: ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോർ ഇന്ത്യ. ജപ്പാൻ, ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാൻ കമ്പനി ശ്രമിക്കുന്നത്. ആഗോള വിപണിയിൽ ഇന്ത്യൻ മോഡൽ വാഹനങ്ങൾക്കുള്ള ആവശ്യം വർധിക്കുകയാണെന്നും ഇതിനെ മുതൽക്കൂട്ടാക്കാനാണ് ശ്രമമെന്നും കയറ്റുമതി പദ്ധതിയെ കുറിച്ച് കമ്പനിയുടെ തലവൻ സതോഷി ഉചിദ പിടിഐയോട് പറഞ്ഞു.

ലാറ്റിൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ-പൂർവ ഏഷ്യ എന്നിവിടങ്ങളെയും ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി വർധിപ്പിക്കാനാണ് ശ്രമം. കൊവിഡ് കാലത്ത് ലോകത്താകമാനം വിപണിയിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങൾക്കും കയറ്റുമതി കുറഞ്ഞതെന്ന് സതോഷി ഉചിദ പറഞ്ഞു. ചില രാജ്യങ്ങൾ ഇപ്പോൾ തന്നെ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം യൂണിറ്റ് ഇന്ത്യക്ക് പുറത്ത് വിൽക്കാനാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ വിൽപ്പന ലക്ഷ്യമിടുന്നതായി കമ്പനിയുടെ സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട പറഞ്ഞു. അതേസമയം ഇതുവരെ കമ്പനിക്ക് നല്ല സ്വാധീനം ഉണ്ടായിരുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലും കൊളംബിയയിലും മെക്സിക്കോയിലും ബംഗ്ലാദേശിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും പിന്നോട്ട് പോകാനും കമ്പനി ആഗ്രഹിക്കുന്നില്ല. 

click me!