പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ രാജ്യത്ത് റെക്കോർഡ് വർധന

By Web TeamFirst Published May 31, 2021, 8:55 AM IST
Highlights

പുതുതായി രജിസ്റ്റർ ചെയ്തവയിൽ 839 എണ്ണം ഏകാംഗ കമ്പനികളാണ്. പുതിയ കമ്പനികളുടെ ആകെ മൂലധനം 1483.41 കോടി രൂപയാണ്. 

ദില്ലി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ റെക്കോർഡ് വർധന. കൊവിഡ് മഹാമാരിക്കിടയിലും ഇന്ത്യയിലെ കോർപറേറ്റ രംഗം മുന്നോട്ട് വളരുന്നതിന്റെ സൂചനയാണിത്. കൊവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതലുണ്ടായ ഏപ്രിൽ മാസത്തിൽ രാജ്യത്തെമ്പാടും 12554 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്.

പുതുതായി രജിസ്റ്റർ ചെയ്തവയിൽ 839 എണ്ണം ഏകാംഗ കമ്പനികളാണ്. പുതിയ കമ്പനികളുടെ ആകെ മൂലധനം 1483.41 കോടി രൂപയാണ്. കോർപറേറ്റ് കാര്യ മന്ത്രാലയമാണ് കമ്പനികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായ പുതിയ റെക്കോർഡിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

കൊവിഡിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മഹാരാഷ്ട്രയാണ് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിലും മുന്നിലുള്ളത്. ഏപ്രിൽ മാസത്തിൽ 2292 കമ്പനികളാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയ സംസ്ഥാനമാണിത്. 

ഏറ്റവും കൂടുതൽ പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് സംസ്ഥാനങ്ങൾ ദില്ലിയും ഉത്തർപ്രദേശുമാണ്. ദില്ലിയിൽ 1262 പുതിയ കമ്പനികളും ഉത്തർപ്രദേശിൽ 1260 പുതിയ കമ്പനികളുമാണ് രജിസ്റ്റർ ചെയ്തത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!