ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഇങ്ങനെ

By Web TeamFirst Published Oct 14, 2021, 4:25 PM IST
Highlights

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്. പഞ്ചാബും ഗുജറാത്തും ഇവിടെ വൈദ്യുതി ഉൽപ്പാദനത്തിന് ചെലവാകുന്ന പണം മുഴുവൻ നൽകാമെന്ന് വാക്കുനൽകിയ സാഹചര്യത്തിലാണ് ടാറ്റ പ്രവർത്തനം തുടങ്ങിയത്.

ഇവിടെ ഉൽപ്പാദിപ്പിക്കുന്ന 1800 മെഗാവാട്ട് വൈദ്യുതി 4.50 രൂപ നിരക്കിൽ ഗുജറാത്ത് സർക്കാർ വാങ്ങും. നാലാഴ്ച മുൻപ് തീരുമാനിച്ച നിരക്കിലും കൂടുതലാണിത്. പഞ്ചാബ് 500 മെഗാവാട്ട് വൈദ്യുതി ദിവസം തോറും 5.5 രൂപാ നിരക്കിലാണ് വാങ്ങുക. ഒരാഴ്ചത്തേക്കാണിത്.

രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളും ഈ പ്ലാന്റിലൂടെ പ്രതിസന്ധി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ടാറ്റയുടെ ഈ പ്ലാന്റിന് 4000 മെഗാവാട്ട് ശേഷിയുണ്ട്. മുന്ദ്രയിൽ തന്നെ അദാനി ഗ്രൂപ്പിന്റെ അദാനി പവറിന് 3300 മെഗാവാട്ട് ശേഷിയുണ്ട്. ഇവരും സംസ്ഥാനങ്ങളോട് യഥാർത്ഥ ഉൽപ്പാദന വിലയിൽ വൈദ്യുതി വിൽക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മുന്ദ്രയിൽ ടാറ്റയ്ക്ക് അഞ്ച് പ്ലാന്റുകളുണ്ട്. ഇതിലൊന്നിന്റെ പ്രവർത്തനം ബുധനാഴ്ച തന്നെ തുടങ്ങി. 800 മെഗാവാട്ടാണ് ഈ പ്ലാന്റിന്റെ മാത്രം ഉൽപ്പാദന ശേഷി. ഇതിലൂടെ ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് വൈദ്യുതിയെത്തിക്കുന്നത്.

click me!