ഭൂമി വിട്ടുകൊടുക്കാതെ താനെ കോര്‍പ്പറേഷന്‍; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വെല്ലുവിളി

By Web TeamFirst Published Dec 24, 2020, 11:23 PM IST
Highlights

മുംബൈ മെട്രോയുടെ കാര്‍ ഷെഡിനായുള്ള പദ്ധതി കിഴക്കന്‍ മുംബൈയിലെ കാഞ്ചുര്‍മാര്‍ഗിലേക്ക് മാറ്റാന്‍ ശിവസേന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
 

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തടസ്സവുമായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍. പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇവര്‍. മുംബൈ മെട്രോയ്ക്ക് കാഞ്ചുര്‍മാര്‍ഗില്‍ സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണം.

നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ അപേക്ഷയാണ് ശിവസേന ഭരിക്കുന്ന താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തള്ളിയത്. 3800 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തിന്റെ കാര്യത്തിലാണ് താനെ കോര്‍പറേഷന്‍ തടസം ഉന്നയിച്ചിരിക്കുന്നത്. ആറ് കോടി രൂപയ്ക്ക് സ്ഥലം വിട്ടുനല്‍കണമെന്നായിരുന്നു നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ അപേക്ഷ. തുടര്‍ച്ചയായി അഞ്ചാം വട്ടവും മുനിസിപ്പല്‍ കോര്‍പറേഷന്റെ ജനറല്‍ ബോഡി അപേക്ഷ തള്ളി.

ബിജെപി സംഭവത്തില്‍ പ്രതികരിച്ചില്ലെങ്കിലും നേതാവായ സഞ്ജയ് വഖുലെ ശിവസേനക്കെതിരെ രംഗത്ത് വന്നു.  മുംബൈ മെട്രോയുടെ കാര്‍ ഷെഡിനായുള്ള പദ്ധതി കിഴക്കന്‍ മുംബൈയിലെ കാഞ്ചുര്‍മാര്‍ഗിലേക്ക് മാറ്റാന്‍ ശിവസേന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്ഥലം അനുവദിക്കുന്നത് സ്റ്റേ ചെയ്തു. ഇതോടെയാണ് പകരത്തിന് പകരം എന്ന നിലയില്‍ ശിവസേനയും അരയും തലയും മുറുക്കി ഇറങ്ങിയത്.
 

click me!