കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ പ്രതിസന്ധി പരിഹരിക്കും, ഉറപ്പുനൽകി വ്യവസായ മന്ത്രി

By Web TeamFirst Published Oct 7, 2021, 4:23 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ വ്യവസായ മന്ത്രി പി രാജീവ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. 

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ (Kerala Auto Mobiles Ltd) പ്രതിസന്ധി പരിഹരിക്കുമെന്ന്  വ്യവസായ മന്ത്രി പി.രാജീവ് (P Rajeev). കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് 10 കോടി രൂപ അധികസഹായമായി അനുവദിച്ചു. പുനഃസംഘടന സംബന്ധിച്ച് റിയാബ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് നടപടി സ്വീകരിക്കുംമെന്നും മന്ത്രി വ്യക്തമാക്കി. ഇ ഓട്ടോക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ എന്നും കെ  ആൻസലന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ പ്രതിസന്ധി ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പരമ്പരക്ക് പിന്നാലെ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ വ്യവസായ മന്ത്രി പി രാജീവ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോയിൽ കയറി കാര്യക്ഷമത പരിശോധിച്ച മന്ത്രി സ്ഥാപനത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ റിയാബിനോട് അടിയന്തര റിപ്പോർട്ട് തേടി.

ഒന്നാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് അവതരിച്ച ഇലക്ട്രിക്ക് ഓട്ടോ നിർമാണം പാതിവഴിയിൽ പ്രതിസന്ധിലായത് ഏഷ്യാനെറ്റ് ന്യൂസ് ഇലക്'ട്രിക്ക്' പരമ്പരയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. കണക്ക് കൂട്ടിയതിന്റെ മൂന്നിലൊന്ന് ഓട്ടോകൾ പോലും നിരത്തിലിറക്കാനാകാത്തതും, ദയനീയമായ മൈലേജും, അനാവശ്യ നിർമാണ ചെലവുകളും, ഡീലർമാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നതും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വ്യവസായ മന്ത്രിയുടെ അടിയന്തര ഇടപെടൽ. എംഡി അറിയാതെ മന്ത്രി നെയ്യാറ്റിൻകരയിലെ കെഎഎൽ വ്യവസായശാലയിൽ നേരിട്ടെത്തി. ഓട്ടോയിൽ കയറി പരിശോധന നടത്തി. ജീവനക്കാരോടും, ഉദ്യോഗസ്ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡീലർമാരിൽ നിന്നും പ്രതികരണം തേടി. കുറഞ്ഞ മൈലേജ് അടക്കമുള്ള പ്രശ്നങ്ങൾ ഡീലർമാർ മന്ത്രിയെ അറിയിച്ചു. 

ചില ഡീലർമാർ പരാതിയില്ലെന്നും വ്യക്തമാക്കി. ഇ-ഓട്ടോയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പരാതികളും പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് റിയാബിന് മന്ത്രിയുടെ നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. ജീവനക്കാർക്ക് നൽകാനുള്ള അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയിൽ, ഒരു മാസത്തെ ശമ്പളം ഓണത്തിന് മുൻപ് നൽകാനും മന്ത്രിയുടെ നിർദ്ദേശമുണ്ട്.

click me!