
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമത്തിലൂന്നി സംസ്ഥാന ബജറ്റ്. അഞ്ച് വർഷത്തെ നേട്ടങ്ങൾ നിരത്തി ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള 3 മണിക്കൂർ 18 മിനുട്ട് നീണ്ട ബജറ്റ് പ്രസംഗമാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. റെക്കോർഡ് സമയമെടുത്ത തോമസ് ഐസക്കിന്‍റെ ബജറ്റിൽ ഏറെയും കയ്യടി കിട്ടുന്ന പ്രഖ്യാപനങ്ങളായിരുന്നു.
വിവാദക്കൊടുങ്കാറ്റിലും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായ ക്ഷേമപെൻഷനിലും കിറ്റിലും തോമസ് ഐസക്ക് ഊന്നി. എല്ലാ ക്ഷേമപെൻഷനുകളും നൂറു രൂപ കൂട്ടി, 1600 ആക്കി. കൊവിഡ് കാലത്ത് പട്ടിണി മാറ്റിയ സൗജന്യ കിറ്റ് വിതരണം ഇനിയും തുടരും. നീല, വെള്ള റേഷൻ കാർഡ് ഉടമകളായ 50 ലക്ഷം കുടുംബങ്ങൾക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കിൽ ലഭ്യമാക്കും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പിനും വിരാമമായി.
Read More: സ്നേഹയുടെ സ്കൂൾ ഞാൻ തന്നെ പോയി നന്നാക്കും; ഗ്യാരണ്ടി പറഞ്ഞ് തോമസ് ഐസക്ക്
3 ലക്ഷം പേരെ കൂടി തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൊണ്ടുവരും. ശരാശരി 75 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും. അങ്കണവാടി ടീച്ചർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയായും ഹെൽപ്പർമാരുടേത് 1000 വുമാക്കും. ഇരുവിഭാഗങ്ങളിലെയും അലവൻസും കൂട്ടി. ആശാ വർക്കർമാരുടെ അലവൻസ് ആയിരം രൂപ കൂട്ടി. തദ്ദേശപ്രതിനിധികളുടെ ഓണറേറിയവും ആയിരം വെച്ച് കൂട്ടി.
Read More: ലോട്ടറിയുടെ സമ്മാനവിഹിതം വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കും, കച്ചവടക്കാർക്ക് ലൈഫ് ബമ്പര്‍
പ്രവാസി ക്ഷേമത്തിനുമുണ്ട് മുൻഗണന. വിദേശത്തുള്ളവരുടെ പെൻൽൻ 35000 രൂപയും തിരിച്ചെത്തിയവരുടെ പെൻഷൻ 3000 രൂപയായും കൂട്ടും. ലൈഫ് മിഷൻ വഴി ഈ വർഷം1.5 ലക്ഷം പേർക്ക് വീട് നിർമ്മിച്ചുനൽകും. ശമ്പളവും പെൻഷനും കൊടുക്കാൻ കെഎസ്ആര്‍ടിസിക്ക് 1000 കോടി. ദാരിദ്ര നിർമ്മാർജ്ജനത്തിനായി ഉപഭോക്താക്കളെ താഴെ തട്ട് മുതൽ കണ്ടെത്താൻ മൈക്രോപ്ലാൻ നടപ്പാക്കും.