
പെര്‍നോഡ് റിക്കാര്‍ഡില്‍ നിന്ന് ഏകദേശം 50 കോടി ഡോളറിന് പ്രമുഖ വിസ്‌കി ബ്രാന്‍ഡായ ഇംപീരിയല്‍ ബ്ലൂ സ്വന്തമാക്കിയതിന് പിന്നാലെ വീണ്ടും വലിയ ഡീലുകള്‍ക്ക് തയ്യാറെടുത്ത് തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസ്. രാജ്യത്തെ മദ്യവിപണിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങളും ലയനങ്ങളും വേഗത്തിലാവുകയും ചെയ്യുന്നതിനിടെയാണ് കമ്പനിയുടെ ഈ പുതിയ നീക്കം.
യുണൈറ്റഡ് സ്പിരിറ്റ്‌സ് നാവോ സ്പിരിറ്റ്‌സിനെ വാങ്ങിയതും, ജോണ്‍ ഡിസ്റ്റിലറീസില്‍ സാസെറാക് കമ്പനി ഓഹരികള്‍ സ്വന്തമാക്കിയതുമെല്ലാം ഇന്ത്യന്‍ മദ്യവിപണിയിലുള്ള നിക്ഷേപകരുടെ വലിയ താല്പര്യത്തെയാണ് കാണിക്കുന്നത്. തങ്ങളുടെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനും വിപണിയില്‍ മുന്‍പന്തിയിലെത്താനുമാണ് കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഇംപീരിയല്‍ ബ്ലൂവിന് സമാനമായ മറ്റൊരു വലിയ ഡീല്‍ കൂടി പരിഗണിക്കുമെന്ന് തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമിത് ദഹാനുകര്‍ പറഞ്ഞു.
പ്രശസ്തമായ മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡിയുടെ നിര്‍മ്മാതാക്കളായ തിലക്‌നഗര്‍, ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള പ്രീമിയം, ലക്ഷ്വറി വിഭാഗങ്ങളിലെ ക്രാഫ്റ്റ് സ്പിരിറ്റുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇംപീരിയല്‍ ബ്ലൂ സ്വന്തമാക്കിയത് തിലക്‌നഗര്‍ ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജൂണ്‍ 30-ന് അവസാനിച്ച ആദ്യ സാമ്പത്തിക പാദത്തില്‍ കമ്പനിയുടെ വരുമാനം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ച് 1026 കോടി രൂപയായി. കമ്പനിയുടെ മൊത്തം വില്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ ഈ പുതിയ വിസ്‌കി ബ്രാന്‍ഡില്‍ നിന്നാണ് ലഭിക്കുന്നത്.
മദ്യ വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഐഡബ്ല്യുഎസ്ആര്‍ ഡാറ്റ പ്രകാരം, 2032-ഓടെ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ മദ്യവിപണിയായി ഇന്ത്യ മാറും. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് യുവാക്കള്‍ മദ്യപിക്കാന്‍ നിയമപരമായി അനുമതിയുള്ള പ്രായത്തിലേക്ക് എത്തുന്നതാണ് ഇതിന് പ്രധാന കാരണം.