Ambani|'ബാഗ്' കണ്ട് ഭയന്ന് ഡ്രൈവർ; അംബാനിയുടെ വീട് ചോദിച്ച 2 പേരെ കസ്റ്റഡിയിലെടുത്തു; ക്ലൈമാക്സിൽ ട്വിസ്റ്റ്

By Web TeamFirst Published Nov 9, 2021, 4:32 PM IST
Highlights

ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും അംബാനിയുടെ ആന്റിലിയ വീടിന് സുരക്ഷയൊരുക്കുകയും ചെയ്തു

മുംബൈ: ബാഗുമായി വന്ന രണ്ട് പേർ മുകേഷ് അംബാനിയുടെ വിലാസം ചോദിച്ചത് മുംബൈയിൽ വൻ ഭീതി പരത്തി. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും അംബാനിയുടെ ആന്റിലിയ വീടിന് സുരക്ഷയൊരുക്കുകയും ചെയ്തു. എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇവർ സഞ്ചാരികൾ മാത്രമാണെന്നും പേടിക്കത്തക്കതായി ഒന്നുമില്ലെന്നും മുംബൈ പൊലീസിന് മനസിലായത്.

40കാരനായ സുരേഷ് വിസാൻജി പട്ടേലും ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇന്നലെയാണ് ഇവർ മുംബൈയിലെ  ആസാദ് മൈതാനത്തിനടുത്തെ കില്ല കോടതി പരിസരത്ത് വെച്ച് ഒരു ടാക്സി ഡ്രൈവറെ കണ്ടത്. റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനും ഇന്ത്യൻ അതിസമ്പന്നരിൽ ഒന്നാമനുമായ മുകേഷ് അംബാനിയുടെ ദക്ഷിണ മുംബൈയിലെ ആന്റിലിയ എന്ന വീട്ടിലേക്കുള്ള വഴിയാണ് ഇവർ ചോദിച്ചത്.

ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് കണ്ട് ഡ്രൈവർക്ക് സംശയം തോന്നി. പിന്നീലെ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. മുംബൈ പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വാർത്ത പരന്നതോടെ ഇത് വലിയതോതിൽ ഭീതി പരക്കാൻ കാരണമായി.

മുകേഷ് അംബാനിയുടെ വീടായ ആന്റിലിയക്ക് ചുറ്റിലും സുരക്ഷ വർധിപ്പിച്ചു. ഡോഗ് സ്ക്വാഡും മറ്റും ഇവിടെ പരിശോധന നടത്തി. ബോംബ് സ്ക്വാഡടക്കം സ്ഥലത്തെത്തി. പിന്നാലെ നവി മുംബൈയിൽ നിന്നാണ് യാത്രക്കാരെ പിടികൂടിയത്. ഇവരെ ഇതുവരെ വിട്ടയച്ചിട്ടില്ല. എങ്കിലും ഇവർ വെറും സഞ്ചാരികൾ മാത്രമാണെന്നാണ് മുംബൈ പൊലീസ് ഇപ്പോൾ പറയുന്നത്.
 

click me!