സമസ്ത മേഖലയിലും മുന്നേറും, കൂടുതൽ തൊഴിലവസരങ്ങളും; ഇന്ത്യയ്ക്ക് വൻ നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

By Web TeamFirst Published Nov 23, 2022, 1:46 AM IST
Highlights

സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും ധാരണയിലെത്തുന്ന സമയത്തിനുള്ളിലോ കരാർ നിലവിൽ വരുമെന്ന് ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു.

ദില്ലി: ഇന്ത്യയിലെ ഐടി കമ്പനികൾക്ക് വലിയ ഉത്തേജനമാകുന്ന തീരുമാനവുമായി ഓസ്ട്രേലിയൻ പാർലമെന്റ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു.

സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും ധാരണയിലെത്തുന്ന സമയത്തിനുള്ളിലോ കരാർ നിലവിൽ വരുമെന്ന് ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു. ബിസിനസുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നതാണ് കരാർ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഓസ്ട്രേലിയൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ ലഭിക്കും. ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച് വേഗം കരാർ നടപ്പിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഐടി സെക്ടറാകുമെന്നാണ് പിയൂഷ് ഗോയൽ പറഞ്ഞത്. ഇന്ത്യൻ ഷെഫുമാർക്കും യോഗാ ഇൻസ്ട്രക്ടർമാർക്കും ഓസ്ട്രേലിയയിൽ പോകാൻ അവസരം ലഭിക്കും. ഇന്ത്യയിൽ നിന്ന് പഠിക്കാൻ ഓസ്ട്രേലിയയിൽ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവിടെ തൊഴിലവസരം ഉറപ്പാക്കപ്പെടും. കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ഇറക്കാനാവും, ഇന്ത്യൻ മരുന്നു കമ്പനികൾക്ക് മരുന്നുകൾ ഓസ്ട്രേലിയക്ക് അയക്കാനാവും, ടെക്സ്റ്റൈൽ -ആഭരണ സെക്ടറുകൾക്ക് ഓസ്ട്രേലിയയിലെ ഉയർന്ന വേതനം പറ്റുന്നവരിലേക്ക് തങ്ങളുടെ ഉൽപ്പന്നം എത്തിക്കാനാവുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Read Also: കാൽനൂറ്റാണ്ടിൽ ഇന്ത്യ 13 മടങ്ങ് വളരും; ലോകശക്തിയാകുമെന്നും മുകേഷ് അംബാനി

click me!