ഇന്ത്യ-ചൈന വ്യാപാരം 136 ബില്യൺ ഡോളർ; വ്യാപാര കമ്മിയിൽ കനത്ത പ്രഹരം, ചരിത്രത്തിലാദ്യമായി 100 ബില്യൺ കടന്നു

By Web TeamFirst Published Jan 13, 2023, 4:34 PM IST
Highlights

ഇന്ത്യയിലേക്കുള്ള ചൈനയുടെ ഇറക്കുമതി 21.7 ശതമാനം വർദ്ധിച്ചു. അതേസമയം, ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള കയറ്റുമതി 7.9 ശതമാനം കുറഞ്ഞു. വ്യാപാര കമ്മി ആദ്യമായി 100 ബില്യൺ ഡോളർ കടന്നു

ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയർന്ന നിരക്കായ 135.98 ബില്യൺ ഡോളറിലെത്തി. അതേസമയം വ്യാപാര കമ്മി ആദ്യമായി 100 ബില്യൺ ഡോളർ കടന്നതായി ചൈനീസ് കസ്റ്റംസ് ഇന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.2022-ലെ ഇന്ത്യ-ചൈന വ്യാപാരം 135.98 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇത്  125 ബില്യൺ ഡോളർ ആയിരുന്നു. ചൈനീസ് കസ്റ്റംസ് ഡാറ്റ പ്രകാരം 8.4 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം വർധിച്ച് 118.5 ബില്യൺ ഡോളറായി ഉയർന്നു. 2022ൽ ഇന്ത്യയിൽ നിന്നുള്ള ചൈനയുടെ ഇറക്കുമതി 7.9 ശതമാനം കുറഞ്ഞ്  17.48 ബില്യൺ ഡോളറായി. ഇന്ത്യയുടെ വ്യാപാര കമ്മി 2021 ലെ 69.38 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 2022 ൽ 101.02 ബില്യൺ ഡോളറാണ്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ആശങ്കയായ വ്യാപാരക്കമ്മി 100 ബില്യൺ ഡോളർ കടക്കുന്നത് ഇതാദ്യമാണ്. 2021-ൽ, ചൈനയുമായുള്ള മൊത്തത്തിലുള്ള വ്യാപാരം 125.62 ബില്യൺ യുഎസ് ഡോളറായിരുന്നു, വർഷം തോറും 43.32 ശതമാനം വർദ്ധനവാണ് ഇതിലുണ്ടായത്. ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 46.14 ശതമാനം വർദ്ധിച്ച് 97.59 ബില്യൺ ഡോളറിലെത്തി, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ  34.28 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2021 ൽ ഇത് 28.03 ബില്യൺ ഡോളറിലെത്തി.

2020 മെയ് മാസത്തിൽ കിഴക്കൻ ലഡാക്കിലെ സൈനിക നിലപാടിനെത്തുടർന്ന് അതിർത്തി സംഘർഷങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കുതിച്ചുയർന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരത്തിൽ ദ്രുതഗതിയിലുണ്ടായ വളർച്ച  2008-ഓടെ ചൈനയെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയായി ഉയർന്നുവരാൻ സഹായിച്ചു. കഴിഞ്ഞ ദശകത്തിന്റെ തുടക്കം മുതൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഗണ്യമായ വളർച്ച രേഖപ്പെടുത്തി. 2015 മുതൽ 2021 വരെ, ഇന്ത്യ-ചൈന ഉഭയകക്ഷി വ്യാപാരം 75.30 ശതമാനം വർദ്ധിച്ചു, ശരാശരി വാർഷിക വളർച്ച 12.55 ശതമാനം ആയിരുന്നു. 

click me!