റെക്കോർഡിട്ട് വ്യാപാരക്കമ്മി; അനിയന്ത്രിതമായി ഉയർന്ന് ഇറക്കുമതി

By Web TeamFirst Published Jul 15, 2022, 3:47 PM IST
Highlights

രാജ്യത്തെ വ്യാപാരക്കമ്മി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 172 ശതമാനം ഉയർന്നിട്ടുണ്ട്. ഇറക്കുമതി കുത്തനെ കൂടി

ദില്ലി: ജൂണിൽ രാജ്യത്തെ വ്യാപാര കമ്മി (Trade deficit) റെക്കോർഡ് ഉയരത്തിൽ. 2022  ജൂണിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.1 ബില്യൺ ഡോളറായി ഉയർന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. 2021 ജൂണിനെ അപേക്ഷിച്ച് 172 ശതമാനം കൂടുതലാണ് ഇത്. 2021 ജൂണിലെ 9.6 ബില്യൺ ഡോളറായിരുന്നു വ്യാപാര കമ്മി. 

അതേസമയം, സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ ഇന്ത്യയുടെ കയറ്റുമതി 23.5 ശതമാനം ഉയർന്ന് 40.13 ബില്യൺ ഡോളറിലെത്തി. ഇറക്കുമതി സ്വതവേ കൂടാറുള്ള രാജ്യത്ത്, ജൂണിൽ ഇന്ത്യയുടെ ഇറക്കുമതി 57.5 ശതമാനം ഉയർന്ന് 66.31 ബില്യൺ ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി, 26.1 ബില്യൺ ഡോളറായി. 

കഴിഞ്ഞ രണ്ട് മാസങ്ങളായി ഇന്ത്യയുടെ വ്യാപാര കമ്മി ഉയരുകയാണ്. ഏപ്രിലിൽ ഇത് 20.4 ബില്യൺ ഡോളർ ആയിരുന്നു. മെയ് മാസത്തിൽ ഇത് 23.3 ബില്യൺ ഡോളറായി ഉയർന്നു.

അതേസമയം രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ് തുടരുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 79.99  ലേക്കെത്തി. ഒരു ഡോളറിന് 80  രൂപയാകാൻ താമസമില്ല. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന.  

click me!