
തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്കിൽ കേരളത്തിൽ വ്യവസായ മേഖലയ്ക്ക് 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് അനുമാനം. സംസ്ഥാനത്ത് പല വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചില്ല. പ്രവർത്തിച്ചവയിൽ ഹാജര്‍ നില വളരെ കുറവായിരുന്നു. ഇത് വലിയ നഷ്ടത്തിന് കാരണമായി.
ഏതാണ്ട് 25,000 പേർ ജോലി ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖല പ്രവർത്തിക്കാത്തത് 100 കോടി നഷ്ടത്തിന് കാരണമായി. മിക്ക ക്യാമ്പസുകളിലും ഹാജന്‍ നിലയും കുറവായിരുന്നു. ബാങ്കിങ് രംഗത്ത് സാധാരണ നടക്കാറുള്ള ഇടപാടുകളുടെ 40 ശതമാനത്തോളം കുറവ് വന്നു. സ്വർണപണയം അടക്കം ഉൾപ്പെടുന്ന ബാങ്കിങ് ഇതര മേഖലയിൽ 200 കോടിയോളം നഷ്ടമെന്നാണ് കണക്കാക്കിയത്.
കൊച്ചി ലുലുമാളിൽ വൈകീട്ട് അഞ്ചിന് ശേഷം കടകൾ തുറന്നെങ്കിലും വില്പനശാലകൾക്ക് എല്ലാമായി 10 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. കെഎസ്ആർടിസിക്ക് അഞ്ച് കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്.