
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍, 5 മില്യണ്‍ ഡോളര്‍ (ഏകദേശം 41.7 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള വഴി തുറക്കുന്ന വിസ പദ്ധതിക്ക് തുടക്കമായി. 'ട്രംപ് കാര്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
എന്താണ് 'ട്രംപ് കാര്‍ഡ്'?
സ്വര്‍ണ്ണ നിറത്തിലുള്ള, ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത ഈ കാര്‍ഡിനെക്കുറിച്ച് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു: 'അഞ്ച് മില്യണ്‍ ഡോളറിന് ട്രംപ് കാര്‍ഡ് വരുന്നു! ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തേക്കും വിപണിയിലേക്കും പ്രവേശിക്കാന്‍ എന്ത് ചെയ്യണമെന്ന് ആയിരക്കണക്കിന് ആളുകള്‍ വിളിച്ച് ചോദിക്കുന്നുണ്ട്.' നിക്ഷേപകര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള വഴിതുറക്കുകയും, പിന്നീട് പൗരത്വവും ഇത് വാഗ്ദാനം ചെയ്യുന്നു. പൗരത്വത്തിലേക്കുള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സമ്പന്നരായ ആളുകള്‍ ഈ കാര്‍ഡ് വാങ്ങി നമ്മുടെ രാജ്യത്തേക്ക് വരുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്രംപ് കാര്‍ഡ് സമ്പന്നരായ ഇന്ത്യന്‍ പൗരന്മാരെ ആകര്‍ഷിക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. പുതിയ പദ്ധതി നിലവിലുള്ള ഇബി-5ന് പകരമായിരിക്കുമോ എന്ന് യുഎസ് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്താണ് ഇബി-5 പദ്ധതി?
ഇബി-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം, വിദേശ പൗരന്മാര്‍ക്ക് ഒരു യുഎസ് ബിസിനസ്സില്‍ 1.8 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചോ, അല്ലെങ്കില്‍ ഉയര്‍ന്ന തൊഴിലില്ലായ്മയുള്ള പ്രദേശങ്ങളില്‍ 900,000 ഡോളര്‍ നിക്ഷേപിച്ചോ ഗ്രീന്‍ കാര്‍ഡ് നേടാന്‍ അനുവദിക്കുന്ന പദ്ധതിയാണ്. ഈ നിക്ഷേപം കുറഞ്ഞത് 10 ജോലികളെങ്കിലും സൃഷ്ടിക്കുന്നതിനും സഹായിക്കണം. നിക്ഷേപത്തിന് പുറമെ, അപേക്ഷകര്‍ 100,000 ഡോളര്‍ മുതല്‍ 200,000 ഡോളര്‍ വരെ നിയമപരമായ ഫീസുകളും അടയ്ക്കേണ്ടതുണ്ട്. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ് . പ്രസിഡന്റിന് ഏകപക്ഷീയമായി ഇബി-5 പ്രോഗ്രാം അവസാനിപ്പിക്കാനോ മാറ്റം വരുത്താനോ കഴിയില്ല
നിയമപരമായ വെല്ലുവിളികള്‍?
'ഗോള്‍ഡ് കാര്‍ഡിന്' കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു, കാരണം ഇത് പൗരത്വം നേരിട്ട് നല്‍കുന്നില്ല. എന്നാല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിയമ സംഘം പുതിയ വിസയെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് നിരസിക്കാനോ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനോ സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ഒരു വിസക്ക് 5 മില്യണ്‍ ഡോളര്‍ ഈടാക്കുന്നത്, അത് പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവിനേക്കാള്‍ വളരെ കൂടുതലാണ്, ഇത് സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നാണ് വിലയിരുത്തല്‍.