മ്യാന്‍മറിലെ അപൂര്‍വ ധാതുക്കളില്‍ കണ്ണ് വച്ച് അമേരിക്ക, ചൈനയെ മറികടക്കാന്‍ ഇന്ത്യന്‍ സഹായവും വേണം

Published : Jul 29, 2025, 03:32 PM IST
Rare Earth Minerals

Synopsis

17 ലോഹങ്ങളുടെ ഒരു കൂട്ടമാണ് റെയര്‍ എര്‍ത്ത് ധാതുക്കള്‍. യുദ്ധവിമാനങ്ങളും മറ്റ് ഉയര്‍ന്ന ശേഷിയുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ 'ഹെവി റെയര്‍ എര്‍ത്ത്' ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്

അത്യപൂര്‍വവും തന്ത്രപ്രധാനവുമായ റെയര്‍ എര്‍ത്ത് മിനറല്‍സിന്റെ ലഭ്യത ഉറപ്പാക്കാന്‍ മ്യാന്‍മറിനോടുള്ള നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ധാതുക്കളുടെ പ്രധാന ഉപഭോക്താവായ ചൈനയുടെ സ്വാധീനം കുറയ്ക്കുകയാണ് ലക്ഷ്യം. മ്യാന്‍മറിലെ കച്ചിന്‍ മേഖലയിലെ ഖനികള്‍ ഹെവി റയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രധാന ഉത്പാദകരാണ്. ഇവ ചൈനയിലേക്ക് കയറ്റി അയച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിലെ റെയര്‍ എര്‍ത്ത് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വിമതരാണ്. ഇവരുമായി ഒരു ധാരണയിലെത്തിയാല്‍ മാത്രമേ അമേരിക്കയ്ക്ക് ഈ ധാതുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. നിലവില്‍, മ്യാന്‍മറിലെ ഭരണകൂടത്തിനെതിരായ നിലപാടാണ് യുഎസിന്റേത്. 2021-ല്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം അമേരിക്ക സൈനിക നേതൃത്വവുമായി അകലം പാലിക്കുകയാണ്. 

റെയര്‍ എര്‍ത്ത് ധാതുക്കളുടെ പ്രാധാന്യം

17 ലോഹങ്ങളുടെ ഒരു കൂട്ടമാണ് റെയര്‍ എര്‍ത്ത് ധാതുക്കള്‍. യുദ്ധവിമാനങ്ങളും മറ്റ് ഉയര്‍ന്ന ശേഷിയുള്ള ആയുധങ്ങളും നിര്‍മ്മിക്കാന്‍ 'ഹെവി റെയര്‍ എര്‍ത്ത്' ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്. അമേരിക്ക ഈ ധാതുക്കള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. അതിനാല്‍ ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ലോകത്തിലെ റെയര്‍ എര്‍ത്ത് സംസ്‌കരണ ശേഷിയുടെ ഏകദേശം 90% വും ചൈനയ്ക്കാണ്. ഇത് ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തില്‍ ട്രംപ്ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മ്യാന്‍മറിലെ സൈനിക ഭരണകൂടവുമായി ഇടപെടുന്നത് അമേരിക്കയുടെ നിലവിലെ നയത്തില്‍ നിന്ന് വലിയൊരു മാറ്റമായിരിക്കും. സൈനിക നേതാക്കള്‍ക്കെതിരെ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഹിങ്ക്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന അക്രമങ്ങളെ അമേരിക്ക വംശഹത്യയായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായും വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, ട്രംപ് ഭരണകൂടം മ്യന്‍മറിലെ ചില സൈനിക ഭരണകൂട സഖ്യകക്ഷികള്‍ക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇത് മ്യാന്‍മറിനോടുള്ള അമേരിക്കന്‍ നയത്തില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ലെന്നാണ് യു.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നത്.

മ്യാന്‍മറിനുമേല്‍ ട്രംപ് ഭീഷണിപ്പെടുത്തിയ 40% തീരുവ കുറയ്ക്കുക, സൈനിക ഭരണകൂടത്തിനും അവരുടെ സഖ്യകക്ഷികള്‍ക്കുമെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുക, മ്യാന്‍മറില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചില ഹെവി റയര്‍ എര്‍ത്ത് ധാതുക്കള്‍ സംസ്‌കരിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുക, ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കുക എന്നിവയാണ് ട്രംപ് ഭരണകൂടത്തിന് മുന്നില്‍ വന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍. ജൂലൈ 17-ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഓഫീസുകളില്‍ നടന്ന ഒരു കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങളില്‍ ചിലത് ചര്‍ച്ച ചെയ്തതായി വാന്‍സിന്റെ ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മ്യാന്‍മറിലെ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍ മേധാവിയും സുരക്ഷാ സ്ഥാപനം നടത്തുന്നയാളുമായ ആദം കാസ്റ്റില്ലോ ഈ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയുടെ നിലപാട്

ഇന്ത്യന്‍ ഖനി മന്ത്രാലയം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. റെയര്‍ എര്‍ത്ത് സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ഒരു ഇന്ത്യന്‍ ഉേേദ്യാഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പുതിയൊരു പ്രധാന റെയര്‍ എര്‍ത്ത് വിതരണ ശൃംഖല സ്ഥാപിക്കുന്നത് എളുപ്പമല്ലെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. വിദൂരവും മലനിരകളുള്ളതുമായ കച്ചിന്‍ സംസ്ഥാനത്ത് നിന്ന് ധാതുക്കള്‍ ഇന്ത്യയിലേക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും മാറ്റുന്നത് വലിയ വെല്ലുവിളിയാണ്.

PREV
Read more Articles on
click me!

Recommended Stories

വേനൽച്ചൂടും ക്രിക്കറ്റ് ആവേശവും ഒന്നിച്ചെത്തി; ബിയറിന് 'ചാകരക്കാലം'; യുദ്ധം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുമെന്ന പ്രതീക്ഷയിൽ കമ്പനികൾ
ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ്