പിരിച്ച് വിടൽ കഴിഞ്ഞു, ഇനി പുതിയ നിയമനങ്ങളെന്ന് ഇലോൺ മസ്‌ക്

By Web TeamFirst Published Nov 22, 2022, 11:52 AM IST
Highlights

 3700  ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കാൻ തയ്യാറായി മസ്‌ക്. ട്വിറ്റർ തൊഴിലാളികളെ തേടുന്നു 
 

സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിലെ 50  ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇലോൺ മസ്‌ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരിൽ 3700  ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്‌ക് പുറത്താക്കിയിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി പിരിച്ചുവിടലുകൾ പൂർത്തിയാക്കി വീണ്ടും നിയമനം നടത്തുകയാണെന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് പറഞ്ഞു. 

ജീവനക്കാരുമായുള്ള ഒരു മീറ്റിംഗിൽ, എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായി ട്വിറ്റർ ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്നും മസ്‌ക് പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലുള്ള ജീവനക്കാരോട് ഈ സ്ഥാനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യാനും മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിൽ ട്വിറ്റർ പുതിയ റിക്രൂട്ട്മെന്റിനായുള്ള പരസ്യങ്ങളൊന്നും വെബ്സൈറ്റിൽ നൽകിയിട്ടില്ല. കൂടാതെ കമ്പനിയ്ക്ക് ആവശ്യമുള്ള എഞ്ചിനീയറിംഗിന്റെയോ സെയിൽസ് പോസ്റ്റുകളുടെയോ പേര്  മസ്ക് പറഞ്ഞിട്ടില്ല. അതേസമയം, സോഫ്റ്റ്‌വെയർ മേഖലയിലാണ് കൂടുതൽ നിയമങ്ങളുണ്ടാകുക എന്നാണ് റിപ്പോർട്ട്. 

അതേസമയം, ടെസ്‌ലയുടെ ആസ്ഥാനമായ ടെക്‌സാസിലേക്ക്  ട്വിറ്ററിന്റെ ആസ്ഥാനം മാറ്റുന്നുവെന്നത് നിലവിൽ പരിഗണിക്കുന്നില്ല എന്ന് ടെസ്‌ല സിഇഒ കൂടിയായി മസ്‌ക് വ്യക്തമാക്കി. ടെക്‌സാസിലും കാലിഫോർണിയയിലും ആയിട്ട് രണ്ടിടങ്ങളിൽ തന്നെയായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ എന്ന് മസ്‌ക് വ്യക്തമാക്കി. 
 
 ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം ഇനി ജോലി ചെയ്താൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിരിക്കുന്നത്. കമ്പനിയിൽ തുടരാൻ താല്പര്യമുള്ളവർ മസ്ക് മെയിൽ ചെയ്ത ഗൂഗിൾ ഫോമിൽ നൽകിയിരിക്കുന്ന സമ്മതപത്രത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇതിനു സമ്മതമാണ് എന്ന് രേഖപ്പെടുത്തണം. ഇതോടെ നിരവധി ജീവനക്കാർ രാജി വെച്ചിരുന്നു.

click me!