ഓട്ടോയും കാറും മാത്രമല്ല, ഇനി ബസും; ഇന്ത്യയിൽ ഊബർ ബസ് സർവീസ് രംഗത്തേക്കും

By Web TeamFirst Published Sep 8, 2022, 11:34 PM IST
Highlights

ഊബർ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സിറ്റി സർവീസ് ബസ്സുകളിൽ സീറ്റ് ബുക്ക് ചെയ്യാനാകും. ഗുരുഗ്രാം സിഎൻജി എസി ബസ്സുകളിലാണ്  ഇത് ആദ്യം നടപ്പിലാക്കുന്ന

ദില്ലി: ഓൺലൈൻ ടാക്സി സർവീസായ ഊബർ ഇന്ത്യയിൽ ബസ് സർവീസിലേക്ക് കടക്കുന്നു. 100 ദശലക്ഷം യാത്രക്കാരെ തങ്ങളുടെ ഭാഗമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും എളുപ്പത്തിലുള്ളതുമായ യാത്ര ഒരുക്കാൻ ഊബര്‍ ബസ് സര്‍വ്വീസിലൂടെ കഴിയുമെന്നാണ് ഊബർ പറയുന്നത്.

ഗുരുഗ്രാം മെട്രോപൊളിറ്റൻ സിറ്റിയിലാണ് ഇതിന്റെ ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ഊബർ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സിറ്റി സർവീസ് ബസ്സുകളിൽ സീറ്റ് ബുക്ക് ചെയ്യാനാകും. ഗുരുഗ്രാം സിഎൻജി എസി ബസ്സുകളിലാണ്  ഇത് ആദ്യം നടപ്പിലാക്കുന്നത്. ഏറ്റവും തിരക്കേറിയ രണ്ട് റൂട്ടുകളിൽ ഏറ്റവും തിരക്കേറിയ സമയത്ത് സൂപ്പർ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. 

ഊബര്‍ ആപ്പിലൂടെ യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാനും ബസിന്റെ സഞ്ചാര പാത തൽസമയം അറിയാനും സാധിക്കും. ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നഗരങ്ങളിലേക്ക് ഈ സേവനം എത്തിക്കാൻ കഴിയുമെന്ന് ഊബർ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഗുരുഗ്രാമിൽ പദ്ധതിയോടുള്ള യാത്രക്കാരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ നീക്കം.  ജനങ്ങള്‍ ആയാസരഹിതവും സുഖരവുമായ യാത്ര ആഗ്രഹിക്കുന്നവരാണെന്നും ജോലിക്കാര്‍ക്കും ബിസിനസ് സംരഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം തങ്ങളുടെ ബസ് സര്‍വ്വീസ് ഉപകാരപ്പെടുമെന്നുമാണ് ഊബര്‍ വിലയിരുത്തുന്നത്,

ഈജിപ്തിലും ഇത്തരത്തിലുള്ള സർവീസ് ലഭ്യമാക്കാൻ ഊബർ ശ്രമിക്കുന്നുണ്ട്. എന്നാൽ അവിടെ ഊബറിൽ അറ്റാച്ച് ചെയ്താണ് ബസ്സുകൾ സർവീസ് നടത്തുന്നത്. എന്നാൽ ഇന്ത്യയിൽ നിലവിലെ സർവീസുകൾ അറ്റാച്ച് ചെയ്യാതെ, അവയിൽ സീറ്റ് ലഭ്യമാക്കുന്ന തരത്തിലാണ് ഊബർ ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലവിലെ സര്‍വ്വീസുകള്‍ വിജയകരമായാല്‍ ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ഭാവിയിൽ ഊബറിന്‍റെ ബസ് സർവീസ് എത്തുമെന്നാണ് വിലയിരുത്തൽ.

tags
click me!