വാട്ടർ ടാങ്കിൽ വരെ നോട്ടുകെട്ടുകൾ; വ്യാപാരിയുടെ വീട്ടിലെ റെയ്ഡിൽ കണ്ടെത്തിയത് കോടികൾ

By Web TeamFirst Published Jan 9, 2022, 2:24 PM IST
Highlights

ദമോഹ് നഗർ പാലിക ചെയർമാനാണ് റായ്. ഇദ്ദേഹം കോൺഗ്രസ് പിന്തുണയോടെയാണ് ഈ സ്ഥാനത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരൻ കമൽ റായ് ബിജെപി പിന്തുണയോടെ വൈസ് ചെയർമാൻ സ്ഥാനത്താണ് ഉള്ളത്. 39 മണിക്കൂർ നീണ്ട പരിശോധനയിലാണ് റായുടെ വീട്ടിൽ നിന്ന് സ്വർണത്തിന്റെയും പണത്തിന്റെയും ഭീമൻ ശേഖരം കണ്ടെത്തിയത്.

ഭോപ്പാൽ: മധ്യപ്രദേശിൽ (Madhya Pradesh) വ്യാപാരിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ (Income Tax Raid) കണ്ടെത്തിയത്  കോടിക്കണക്കിന് രൂപ. ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കർ റായുടെ (Shankar Rai) വീട്ടിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്കിൽ താഴ്ത്തിവെച്ച ബാഗിനകത്തടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം ഉണക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പണത്തിന് പുറമെ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഒരു കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെ വീടിനകത്ത് പലയിടത്ത് നിന്നായി എട്ട് കോടി രൂപയും കണ്ടെത്തി. മൂന്ന് കിലോയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണമെന്നും ആദായ നികുതി വകുപ്പ് ജബൽപൂർ വിഭാഗം ജോയിന്റ് കമ്മീഷണർ മുൻമുൻ ശർമ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ദമോഹ് നഗർ പാലിക ചെയർമാനാണ് റായ്. ഇദ്ദേഹം കോൺഗ്രസ് പിന്തുണയോടെയാണ് ഈ സ്ഥാനത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരൻ കമൽ റായ് ബിജെപി പിന്തുണയോടെ വൈസ് ചെയർമാൻ സ്ഥാനത്താണ് ഉള്ളത്. 39 മണിക്കൂർ നീണ്ട പരിശോധനയിലാണ് റായുടെ വീട്ടിൽ നിന്ന് സ്വർണത്തിന്റെയും പണത്തിന്റെയും ഭീമൻ ശേഖരം കണ്ടെത്തിയത്.

ശങ്കർ റായ്ക്കും കുടുംബത്തിനുമായി 36 ഓളം ബസുകളുണ്ട്. ഇവയെല്ലാം തൊഴിലാളികളുടെ പേരിലാണ് ഉള്ളത്. റായ് കുടുംബം മധ്യപ്രദേശിൽ കൈവശം വെച്ചിരിക്കുന്ന ആസ്തികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10000 രൂപയും ആദായ നികുതി വകുപ്പ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ക്ക് എതിരെ അന്വേഷണം തുടരുമെന്ന് മുൻമുൻ ശർമ്മ വ്യക്തമാക്കി.

Cash was stashed in an underground tank, hair dryers and clothes iron were used by IT dept sleuths to dry up the cash pic.twitter.com/gKq1lXS3km

— Anurag Dwary (@Anurag_Dwary)

2019 ജനുവരിയിൽ ശങ്കർ റായുടെ സഹോദരൻ സഞ്ജയ് റായുടെ വീട്ടിൽ നിന്ന് മുൻ സമാജ്‌വാദി പാർട്ടി എംപി ജവഹർ ജയ്‌സ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കേസിൽ ഒളിവിലായിരുന്ന ഇയാളുടെ തലയ്ക്ക് 25000 രൂപ പ്രഖ്യാപിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് യുപി ടാസ്ക് ഫോഴ്സ് സഞ്ജയ് റായുടെ വീട്ടിൽ നിന്ന് ഇയാളെ കണ്ടെത്തിയത്.

click me!