ഇത്തവണയും 'ബഹി ഖാത'; പെട്ടിയിൽ നിന്ന് ചുവന്ന പട്ടിലേക്ക് ബജറ്റിന്‍റെ മാറ്റം

Web Desk   | Asianet News
Published : Feb 01, 2020, 09:49 AM ISTUpdated : Feb 01, 2020, 09:55 AM IST
ഇത്തവണയും 'ബഹി ഖാത'; പെട്ടിയിൽ നിന്ന് ചുവന്ന പട്ടിലേക്ക് ബജറ്റിന്‍റെ മാറ്റം

Synopsis

കഴിഞ്ഞ തവണ ബജറ്റ് പൊതിഞ്ഞ ചുവന്ന തുണിയുടെ നിറവുമായി സാമ്യമുള്ള കടുത്ത പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു നിർമലാ സീതാരാമന്‍റേതെങ്കിൽ ഇത്തവണ മഞ്ഞ സാരിയാണ്. അത് മാത്രമല്ല, ബജറ്റ് പെട്ടിക്കും ഇപ്പോഴുള്ള ഈ തുണിക്കെട്ടിനുമുണ്ട് ഒരു ചരിത്രം പറയാൻ. 

ദില്ലി: കഴിഞ്ഞ വർഷം ബജറ്റ് രേഖയുമായി നിർമലാ സീതാരാമൻ പുറത്തേക്ക് വരുമ്പോൾ, മാധ്യമപ്രവർത്തകർക്കായി ഒരു 'സർപ്രൈസും' സൂക്ഷിച്ചിരുന്നു. ബജറ്റ് പെട്ടിയുടെ ചിത്രമെടുക്കാൻ തിക്കും തിരക്കും കൂട്ടിയ ക്യാമറാമാൻമാർ ഒന്നമ്പരന്നു. ഇന്ത്യയുടെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയുടെ കൈയിലുണ്ടായിരുന്നത് പെട്ടിയല്ല, പകരമൊരു തുണിപ്പൊതിയാണ്. അതിന്‍റെ പേരായിരുന്നു 'ബഹി ഖാത'. 

വെറുമൊരു ചുവന്ന തുണിയായിരുന്നില്ല, ഇത്. രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ്. ഇതിന് ഹിന്ദിയിൽ 'ബഹി ഖാത' എന്നാണ് പറയുക. ചില ട്രഡീഷണൽ ട്രേഡേഴ്‍സ് കടകളിൽ നമ്മൾ കാണാറുള്ള അതേ പുസ്തകം തന്നെ:

ഇത്തവണയും ധനമന്ത്രി ആ പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ തവണ ബജറ്റ് പൊതിഞ്ഞ ചുവന്ന തുണിയുടെ നിറവുമായി സാമ്യമുള്ള കടുത്ത പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു നിർമലാ സീതാരാമന്‍റേതെങ്കിൽ ഇത്തവണ മഞ്ഞ സാരിയാണ്. കൂടെ അപ്പോഴും ആ ചുവന്ന തുണിപ്പൊതിയുണ്ട്. 

പെട്ടിയുടെ കഥയെന്ത്?

എല്ലാ വർഷവും ബജറ്റ് രേഖകൾ ധനമന്ത്രിമാർ ധനമന്ത്രാലയത്തിലേക്കും പാർലമെന്‍റിലേക്കും കൊണ്ടുവരുന്നത് ഒരു കാഴ്ചയാണ്. പെട്ടി ഉയർത്തിക്കാട്ടി, ബജറ്റിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നിൽ വച്ച് കേന്ദ്രധനമന്ത്രിമാർ ഒരു ഫോട്ടോ സെഷനൊക്കെ നടത്താറുണ്ട്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ പതിവ് ധനമന്ത്രിമാർ തെറ്റിച്ചിട്ടില്ല.

ആദ്യത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി ബജറ്റ് രേഖ കൊണ്ടുവന്ന ചിത്രമിതാ:

ഏറ്റവുമൊടുവിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയൽ പോലും ബജറ്റ് കൊണ്ടു വന്നത് സ്ഥിരം തുകൽ പെട്ടിയിലാണ്. അരുൺ ജയ്റ്റ്‍ലിയും അതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച യുപിഎ സർക്കാരിൽ പി ചിദംബരവും പതിവ് തെറ്റിച്ചിട്ടില്ല.

ഇതിലൂടെ ഒരു ബ്രിട്ടീഷ് രീതി ഉപേക്ഷിച്ച് രാജ്യത്തിന്‍റെ തനത് കണക്കെഴുത്ത് രീതിയോടുള്ള ആദരസൂചകമായാണ് നിർമലാ സീതാരാമൻ ഈ നടപടി സ്വീകരിച്ചതെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. സ്യൂട്ട് കെയ്‍സിൽ ബജറ്റ് രേഖ കൊണ്ടുവരുന്ന ആംഗ്ലിക്കൻ പതിവ് ഉപേക്ഷിച്ച നിർമലാ സീതാരാമൻ, ഇതുപോലെ പതിവുകൾ തെറ്റിക്കുന്ന, പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന ബജറ്റാകുമോ അവതരിപ്പിക്കുക? രാജ്യത്തെ വിഴുങ്ങിയ സാമ്പത്തിക ഞെരുക്കത്തെ നേരിടാൻ എന്തെല്ലാം നടപടിയുണ്ടാകും ആ കണക്കുപുസ്തകത്തിൽ? കാത്തിരുന്നു കാണാം.

PREV
click me!

Recommended Stories

ഈജിപ്തും ഇസ്രയേലും മച്ചാ...മച്ചാ; ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്യാസ് കരാര്‍; ഈജിപ്തിലേക്ക് 35 ബില്യണ്‍ ഡോളറിന്റെ പ്രകൃതി വാതകം
ചൈനയില്‍ കാലിടറി നൈക്കി; വിപണി പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനി