ജിഎസ്‍ടി കൊണ്ട് കുടുംബങ്ങള്‍ക്ക് എന്ത് നേട്ടം? ബജറ്റില്‍ ധനമന്ത്രിയുടെ ഉത്തരം

By Web TeamFirst Published Feb 1, 2020, 11:28 AM IST
Highlights

ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ധനമന്ത്രി

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയത് തന്നെ ജിഎസ്‍ടിയെ വാഴ്ത്തികൊണ്ടായിരുന്നു. ജിഎസ്‍ടിയിലൂടെ ജനങ്ങള്‍ക്ക് ചിലവ് കുറഞ്ഞെന്ന് അഭിപ്രായപ്പെട്ട ധനമന്ത്രി ജിഎസ്‍ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും വിവരിച്ചു.

ജിഎസ്‍ടി ചരിത്രപരമായ നേട്ടവും പരിഷ്ക്കരണവുമാണെന്നും ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങൾക്ക് ജിഎസ്‍ട യിലൂടെ സാധിച്ചെന്നും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു. ജിഎസ്‍ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായെന്നും ധനമന്ത്രി ചൂണ്ടികാണിച്ചു.

കേന്ദ്ര ബജറ്റ് 2020 അവതരണത്തിന് തൊട്ടുമുൻപ് ജനുവരി മാസത്തിലെ ചരക്ക് സേവന നികുതി 1.10 ലക്ഷം കോടിയെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.  കൃത്യമായി പറഞ്ഞാല്‍ 1,10,828 കോടിയാണ് മാസ വരുമാനം. ഇതിൽ 20944 കോടി കേന്ദ്ര ജിഎസ്‌ടിയും 28224 കോടി സംസ്ഥാന ജിഎസ്‌ടിയുമാണ്. ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 53013 കോടിയാണ്. ഇതിൽ 23481 കോടി ഇറക്കുമതിയിൽ നിന്നും 8637 കോടി സെസ് വഴിയും ലഭിച്ചതാണ്.

ജിഎസ്‌ടി നടപ്പിലാക്കിയ ശേഷം ലഭിച്ച രണ്ടാമത്തെ ഏറ്റവും ഉയ‍ർന്ന നികുതി വരുമാനമാണ് ജനുവരിയിലേത്. ധനമന്ത്രാലയത്തിൽ നിന്ന് ലഭിച്ച സൂചനകൾ പ്രകാരം ഇന്റഗ്രേറ്റഡ് ജിഎസ്ടിയിൽ നിന്ന് 24730 കോടി കേന്ദ്ര ജിഎസ്‌ടിയിലേക്കും 18199 കോടി സംസ്ഥാന ജിഎസ്‌ടിയായും തിരിച്ചിട്ടുണ്ട്. ഇതോടെ ജനുവരി മാസത്തിലെ ആകെ ജിഎസ്‌ടി വരുമാനം കേന്ദ്രത്തിന് 45674 കോടിയും സംസ്ഥാനങ്ങൾക്ക് 46433 കോടിയുമായിരിക്കും.

ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജനുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ 12 ശതമാനം വ‍ര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇറക്കുമതി ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഐജിഎസ്ടി വരുമാനത്തിൽ എട്ട് ശതമാനം വ‍ർധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!