Union Budget 2022 : കേന്ദ്ര ബജറ്റ് 2022: ഇളവുകൾ തേടി നിർമലയ്ക്ക് ടെലികോം കമ്പനികളുടെ കത്ത്

By Web TeamFirst Published Jan 15, 2022, 7:25 PM IST
Highlights

കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സിഒഎഐ കത്തയച്ചു. 

ദില്ലി: കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സിഒഎഐ കത്തയച്ചു. 35,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസിയുടെ റീഫണ്ട് കമ്പനികൾ സർക്കാരിന് മുന്നിൽ വെച്ച പ്രധാന ആവശ്യങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ ഉൾപ്പെടുന്ന ടെലികോം കമ്പനികളുടെ കൂട്ടായ്മയാണ് സിഒഎഐ. 2022 കേന്ദ്ര ബജറ്റിൽ ടെലികോം സെക്ടറിൽ നികുതി ഇളവുകളാണ് കമ്പനികളുടെ മറ്റൊരു ആവശ്യം. ലൈസൻസ് ഫീസിന്റെയും സ്‌പെക്‌ട്രം ഉപയോഗത്തിന്റെയും ജിഎസ്‌ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള യൂണിവേഴ്‌സൽ സർവീസ് ഓബ്ലിഗേഷൻ ഫണ്ട് (USOF) താത്കാലികമായി നിർത്തിവയ്ക്കണമെന്നും കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ ടെലികോം ഉപകരണങ്ങളിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നും അവയ്ക്ക് മുകളിൽ 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) ഈടാക്കുന്നുണ്ടെന്നും സിഒഎഐ കത്തിൽ ഉന്നയിച്ചിട്ടുണ്ട്. ടെലികോം ഉപകരണങ്ങളുടെ ഉയർന്ന കസ്റ്റംസ് തീരുവ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ ചെലവ് വർധിപ്പിക്കുന്നതിനാൽ ടെലികോം ഉപകരണങ്ങൾക്ക് മുകളിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്നാണ് കമ്പനികളുടെ മറ്റൊരു ആവശ്യം. കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 നാണ് ആരംഭിക്കുക. ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് 2022 അവതരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.

click me!