
ദില്ലി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചതിനുശേഷം ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,547 പോയിന്റ് അഥവാ 1.88% ഇടിഞ്ഞ് 80,722.94 ലും നിഫ്റ്റി 50 495 പോയിന്റ് അഥവാ 1.96% ഇടിഞ്ഞ് 24,825.45 ലും ക്ലോസ് ചെയ്തു. ബിഎസ്ഇ 150 മിഡ്‌ക്യാപ് സൂചിക 1.91 ശതമാനവും ബിഎസ്ഇ 250 സ്‌മോൾക്യാപ് സൂചിക 1.61 ശതമാനവും ഇടിഞ്ഞു.
ബിഎസിയിലെ സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിൽ 460 ലക്ഷം കോടി രൂപയിൽ നിന്ന് 450 ലക്ഷം കോടി രൂപയായി കുറഞ്ഞതിനാൽ, ഒറ്റ സെഷനിൽ നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു. 30 ഓഹരികളുള്ള സെൻസെക്സിൽ ടിസിഎസ്, ഇൻഫോസിസ്, സൺ ഫാർമ, ടൈറ്റൻ എന്നീ നാല് ഓഹരികൾ മാത്രമാണ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. എസ്‌ബിഐ, അദാനി പോർട്ട്‌സ്, ബിഇഎൽ എന്നിവയാണ് സെൻസെക്സ് സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഇവ 5 ശതമാനം ഇടിഞ്ഞു.
എന്തുകൊണ്ടാണ് ഓഹരി വിപണി ഇടിഞ്ഞത്?
വിപണിയിലെ പെട്ടെന്നുള്ള, കുത്തനെയുള്ള ഇടിവിന് പിന്നിലെ ഏറ്റവും വലിയ കാരണം സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) വർദ്ധിക്കാനുള്ള നിർദ്ദേശമാണ്. ഇന്ത്യയിലെ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്റ്റോക്കുകളുടെ വാങ്ങലിനും വിൽപ്പനയ്ക്കും ഇന്ത്യൻ സർക്കാർ ചുമത്തുന്ന നികുതിയാണ് എസ്ടിടി. ഫ്യൂച്ചേഴ്‌സ് & ഓപ്ഷൻസ് (എഫ്&ഒ) ഇടപാടുകളുടെ എസ്ടിടി വർദ്ധിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഫ്യൂച്ചറുകളുടെ എസ്ടിടി 0.02% ൽ നിന്ന് 0.05% ആയും ഓപ്ഷൻ ഇടപാടുകൾക്ക് മുമ്പുള്ള 0.01% ൽ നിന്ന് 0.15% ആയും ഉയർത്തുമെന്നാണ് പ്രഖ്യാപനം.