Latest Videos

നിഷ്ക്രിയ ആസ്തി: റിസർവ് ബാങ്കിന്‍റെ റിപ്പോർട്ട് തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം

By Web TeamFirst Published Dec 29, 2019, 12:12 PM IST
Highlights

2020 സെപ്തംബറോടെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി 9.9 ശതമാനത്തിലെത്തുമെന്നാണ് റിസർവ് ബാങ്ക് അനുമാനം

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി നേരിയ തോതിൽ വർധിക്കാൻ സാധ്യതയെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട് തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം രംഗത്ത്. രാജ്യത്തെ ബാങ്കിംഗ് സെക്ടറിൽ സ്ട്രെസ് കുറഞ്ഞുവരികയാണെന്നാണ് കിട്ടാക്കടം സംബന്ധിച്ച റിപ്പോർട്ടിനെതിരെ മന്ത്രാലയം വിശദീകരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ റിസർവ് ബാങ്ക് തന്നെ കിട്ടാക്കടങ്ങളുടെ ട്രന്റ് താഴേക്കാണെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വാദിച്ചു.

ബാങ്കിംഗ് സെക്ടറിൽ ശുദ്ധീകരണവും സുതാര്യതയും ഉറപ്പുവരുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. എന്നാൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ റിസർവ് ബാങ്ക് റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

2020 സെപ്തംബറോടെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി 9.9 ശതമാനത്തിലെത്തുമെന്നാണ് റിസർവ് ബാങ്ക് അനുമാനം. സാമ്പത്തിക സ്ഥിരതാ
റിപ്പോർട്ടിലാണ് റിസർവ് ബാങ്ക് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 2019 സെപ്തംബറിൽ മൊത്തം ആസ്തിയുടെ 9.3 ശതമാനമായിരുന്നു കിട്ടാക്കടം. നേരിയ വർധനയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവിൽ 12.7 ശതമാനമാണ്. അത് അരശതമാനം വർധിച്ച് 13.2 ശതമാനത്തിലെത്തും. സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തിൽ നിന്ന് 4.2 ശതമാനമാകും. വായ്പാ വിതരണം വർധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണമായി റിസർവ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. വിദേശബാങ്കുകളുടെ കാര്യത്തിലും കിട്ടാക്കടം ഉയരും. നിലവിലെ 2.9 ശതമാനത്തിൽ നിന്ന് 3.1 ശതമാനത്തിലേക്ക് എത്തും.

രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി അഞ്ച് ശതമാനത്തിൽ താഴെയും നാലെണ്ണത്തിന്റേത് 20 ശതമാനത്തിന് മുകളിലുമാണ്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി തോത് ഉയരാൻ കാരണം.

click me!