​ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് യുപിഐ; സർവേ റിപ്പോർട്ട് പുറത്ത്

Published : Feb 16, 2026, 04:07 PM IST
How UPI Lite is Transforming Offline Payments Across India

Synopsis

യുപിഐ ഉപയോഗിക്കുന്നവരിൽ 65 ശതമാനം പേരും ദിവസവും ഒന്നിലധികം തവണ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നുണ്ട്.

ദില്ലി: ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐ ആണെന്ന് പുതിയ സർവേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 57 ശതമാനം പേരും യുപിഐ തിരഞ്ഞെടുക്കുമ്പോൾ, നേരിട്ട് പണം നൽകുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു. ഉപയോഗിക്കാൻ എളുപ്പമാണെന്നതും തൽക്ഷണം പണം അക്കൗണ്ടിൽ എത്തുമെന്നതുമാണ് യുപിഐയുടെ ജനപ്രീതിക്ക് പ്രധാന കാരണം.

നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു സ്വതന്ത്ര ഏജൻസിയാണ് ഈ പഠനം നടത്തിയത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പേയ്‌മെൻ്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുകയായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം.

2021-22 സാമ്പത്തിക വർഷം തുടങ്ങിയ ഈ ഇൻസെൻ്റീവ് സ്കീം 2024-25 വരെ തുടരും. ഡിജിറ്റൽ പണമിടപാടുകൾ എല്ലാവർക്കും താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. പണത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഇത് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 10,378 പേർ ഈ സർവേയിൽ പങ്കെടുത്തു. ഇതിൽ 6,167 ഉപഭോക്താക്കളും 2,199 വ്യാപാരികളും 2,012 സേവനദാതാക്കളും ഉൾപ്പെടുന്നു. വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്-കിഴക്ക് എന്നിങ്ങനെ അഞ്ച് സോണുകളായി തിരിച്ചായിരുന്നു പഠനം. നഗര, അർദ്ധ-നഗര പ്രദേശങ്ങളിലെ ആളുകളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. 2025 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയായിരുന്നു സർവേ. കമ്പ്യൂട്ടർ സഹായത്തോടെ ആളുകളെ നേരിൽക്കണ്ട് അഭിമുഖം നടത്തുന്ന രീതിയാണ് വിവരശേഖരണത്തിനായി ഉപയോഗിച്ചത്.

യുപിഐ ഉപയോഗിക്കുന്നവരിൽ 65 ശതമാനം പേരും ദിവസവും ഒന്നിലധികം തവണ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നുണ്ട്. 18-നും 25-നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർക്കിടയിലാണ് യുപിഐക്ക് കൂടുതൽ പ്രചാരം. യുപിഐ, റുപേ കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ 90 ശതമാനം പേർക്കും ഡിജിറ്റൽ പണമിടപാടുകളിൽ ആത്മവിശ്വാസം വർധിച്ചതായും സർവേ പറയുന്നു. ഇതോടെ പണം നേരിട്ട് ഉപയോഗിക്കുന്നതും എടിഎം പിൻവലിക്കലും കുറഞ്ഞു. 52 ശതമാനം പേർ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ കാരണമാണ് ഡിജിറ്റൽ പേയ്‌മെൻ്റുകളിലേക്ക് മാറിയതെന്ന് പറഞ്ഞു. അതേസമയം, 74 ശതമാനം പേർ പണമിടപാടിന്റെ വേഗതയാണ് പ്രധാന നേട്ടമായി ചൂണ്ടിക്കാട്ടിയത്.

PREV
Read more Articles on
click me!

Recommended Stories

സ്വര്‍ണം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കുക: പുതിയ നികുതി നിയമങ്ങള്‍ ഇങ്ങനെ
10 വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വളർച്ചയുണ്ടാകും, ഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്