
ദില്ലി: യു.പി.ഐ (UPI) വഴി നടത്തുന്ന ‘പേഴ്സൺ ടു മെർച്ചന്റ്’ (പി2എം) 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ചാർജ് വന്നേക്കും. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മാത്രമാണ് ചാർജ് ഈടാക്കുക. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകൾ നടന്നാൽ വ്യാപാരികളിൽ നിന്ന് അതിന് ഫീസ് ഈടാക്കും. ധനമന്ത്രാലയം ഇന്നലെ പുറത്തു വിട്ട വിജ്ഞാപനത്തോടെയാണ് ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്. 2000 രൂപ വരെയുള്ള ഇടപാടുകൾക്കും റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പേയ്‌മെന്റുകൾക്കും യാതൊരുവിധ ചാർജുകളും ഈടാക്കില്ലെന്ന് ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.
ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് സെപ്റ്റംബർ 14-ന് പ്രാബല്യത്തിൽ വന്ന ഉത്തരവിറക്കിയത്. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10A പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ മാറ്റം. അതേ സമയം, എത്ര ചാർജ് ഈടാക്കുമെന്നോ എങ്ങനെ കണക്കാക്കുമോ എന്നത് സംബന്ധിച്ചൊന്നുമുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എം.ഡി.ആർ സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും വ്യാപാരികളെ മാത്രമാണ് ബാധിക്കുകയെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ 2019 അവസാനം വരെ പി2എം ഇടപാടുകൾക്ക് 0.3% വരെ എംഡിആർ ഈടാക്കിയിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും എം ഡി ആർ ഈടാക്കിയിരുന്നു. എന്നാൽ, 2020 ജനുവരി മുതൽ എല്ലാ യുപിഐ ഇടപാടുകളെയും ഇതിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.