യുദ്ധം ആഗോള വസ്ത്രവിപണിയെ താറുമാറാക്കി, പോളിസ്റ്റർ, പരുത്തി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നു. ഇത് നിർമ്മാതാക്കൾക്ക് കനത്ത നഷ്ടമുണ്ടാക്കുകയും ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയെ ബാധിക്കുകയും ചെയ്തു. വിലവർദ്ധനവ് ഉപഭോക്താക്കളുടെ വാങ്ങലിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രാൻഡുകൾ.

യുദ്ധത്തിന് മുന്‍പ് പരുത്തിയുടെ പകുതി വിലയായിരുന്നു പോളിസ്റ്ററിന്. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ പോളിസ്റ്റര്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. യുദ്ധം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പോളിസ്റ്റര്‍ നൂലിന് 25 ശതമാനത്തോളം വില വര്‍ദ്ധിച്ചു. പരുത്തി വിലയാകട്ടെ 2024 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. ഇതോടെ ആഗോള വസ്ത്രവിപണിയാകെ താറുമാറായിരിക്കുകയാണ്. നൂല്‍, ചായം, കെമിക്കലുകള്‍, എണ്ണ, ഗ്യാസ് തുടങ്ങി വസ്ത്രനിര്‍മാണത്തിന് ആവശ്യമായ എല്ലാറ്റിനും വില കൂടി.

നിര്‍മാതാക്കള്‍ക്ക് നഷ്ടം, ബ്രാന്‍ഡുകള്‍ക്ക് ആശങ്ക

ഒരു സാധാരണ ടി- ഷര്‍ട്ട് നിര്‍മിക്കുന്നതിന്റെ 60 ശതമാനം ചെലവും അസംസ്‌കൃത വസ്തുക്കള്‍ക്കാണ്. ഫാക്ടറികള്‍ക്ക് ലഭിക്കുന്ന ലാഭ വിഹിതമാകട്ടെ കേവലം 2-3 ശതമാനം മാത്രവും. വിലക്കയറ്റത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് ഈ നിര്‍മാതാക്കളാണ്.

ഏഷ്യന്‍ വിപണിയിലെ തകര്‍ച്ച

ലോകത്തെ ഏറ്റവും വലിയ വസ്ത്ര നിര്‍മാണ കേന്ദ്രങ്ങളിലൊന്നായ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയില്‍ ജൂലൈയില്‍ 4.5% ഇടിവുണ്ടായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ഇത് 10.5 ശതമാനം ആയിരുന്നു. മിഡില്‍ ഈസ്റ്റിലേക്കുള്ള ബംഗ്ലാദേശിന്റെ 800 ദശ ലക്ഷം ഡോളറിന്റെ വസ്ത്ര കയറ്റുമതി ഏറെക്കുറെ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ചെലവ് കൂടിയതോടെ പല ബ്രാന്‍ഡുകളും വസ്ത്രങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഉപഭോക്താക്കള്‍ വാങ്ങുമോ?

സാമ്പത്തികമായി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ വസ്ത്രവിപണിയെയും ബാധിക്കും. ആളുകളുടെ പക്കല്‍ ചെലവാക്കാന്‍ എത്ര പണമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാതെ പഴയവ തന്നെ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ തീരുമാനിച്ചേക്കാം.