
വിദേശ യാത്ര ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് യുപിഐ പേയ്‌മെന്റുകൾ നടത്താം. യുപിഐ എല്ലാ രാജ്യങ്ങളിലും ലഭ്യമല്ലെങ്കിലും ചില രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് യുപിഐ ഉപയോഗിക്കാം. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) അതിന്റെ അന്താരാഷ്ട്ര വിഭാഗമായ എൻഐപിഎല്ലും നിരവധി രാജ്യങ്ങളിൽ ക്യുആർ അധിഷ്ഠിത പേയ്‌മെന്റുകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ളവർക്ക് വിദേശത്ത് യാത്ര ചെയ്യുമ്പോൾ അവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണമടയ്ക്കാം. ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാൻസ്, യുഎഇ, ഖത്തർ എന്നിവയാണ് നിലവിൽ യുപിഐ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ.
ഈ രാജ്യങ്ങളിൽ യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ എന്തൊക്കെ ക്രമീകരണങ്ങളാണ് മൊബൈൽ ഫോണിൽ വരുത്തേണ്ടത്? ഇതിനായി യുപിഐ ആപ്പിൽ യുപിഐ ഇന്റർനാഷണൽ എന്ന ഓപ്ഷൻ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ഇത് സജീവമാക്കിക്കഴിഞ്ഞാൽ, വിദേശത്തുള്ള നിങ്ങളുടെ ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് പേയ്‌മെന്റുകൾ നടത്താൻ നിങ്ങൾക്ക് കഴിയും. ഇനി വിദേശത്ത്, അവിടുത്തെ സിം കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, സ്ഥിതി അല്പം വ്യത്യസ്തമായിരിക്കാം. ചില ബാങ്കുകളും യുപിഐ പ്ലാറ്റ്‌ഫോമുകളും ഇപ്പോൾ വിദേശ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിദേശത്ത് യുപിഐ ഉപയോഗിക്കുന്നത് വളരെ ലളിതമാണ്. ആപ്പ് തുറന്ന് QR കോഡ് സ്കാൻ ചെയ്ത് തുക നൽകുക. കൂടാതെ, വ്യാപാരി യുപിഐ ഇന്റർനാഷണലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പേയ്‌മെന്റുകൾ ഇന്ത്യൻ രൂപയിലാണ് നടത്തുന്നത്. എന്നാൽ, തുക വിദേശ വിനിമയ നിരക്കിലാണ് കൈമാറാൻ കഴിയുക. ചില ബാങ്കുകൾ ഒരു ചെറിയ സേവന ചാർജും ഇതിന് ഈടാക്കുന്നു