റഷ്യന്‍, ഇറാന്‍ എണ്ണയ്ക്ക് അമേരിക്കയുടെ 'പൂട്ടുവീണു'; ഇന്ത്യയ്ക്ക് തിരിച്ചടി, ഇന്ധനവില ഇനിയും ഉയരുമോ?

Published : Apr 16, 2026, 11:54 AM IST
Donald Trump

Synopsis

റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് നല്‍കിയിരുന്ന ഇളവുകള്‍ അമേരിക്ക റദ്ദാക്കുന്നു. ഇത് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങിയിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നും രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമായേക്കാമെന്നും ആശങ്കയുണ്ട്. ഇളവുകള്‍ക്കായി ഇന്ത്യ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ ട്രംപ് ഭരണകൂടം റദ്ദാക്കുന്നു. രാജ്യാന്തര വിപണിയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്. അമേരിക്കന്‍ ഉപരോധം ഭയന്ന് റഷ്യന്‍, ഇറാന്‍ എണ്ണക്കമ്പനികളില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികള്‍ നിര്‍ബന്ധിതരാകും.

റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതി ശനിയാഴ്ച അവസാനിച്ചുവെന്നും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള അനുമതി ഞായറാഴ്ചയോടെ അവസാനിക്കുമെന്നും ഇവ പുതുക്കി നല്‍കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് 11-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്ക് മാത്രമായിരുന്നു ഇളവ് നല്‍കിയിരുന്നത്.അമേരിക്കയുടെ വിലക്കുകള്‍ക്കിടയിലും കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഉപഭോഗത്തിനാവശ്യമായ എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് അമേരിക്കയുടെ ഈ തീരുമാനം വലിയ പ്രതിസന്ധിയുണ്ടാക്കും

വിലക്കയറ്റ ഭീഷണി: പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ലഭിച്ചിരുന്ന എണ്ണ നിലയ്ക്കുന്നത് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ കാരണമായേക്കാം.

വിതരണത്തിലെ തടസ്സം: ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതോടെ എണ്ണ വരവ് ഇതിനകം തന്നെ കുറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.

റഷ്യന്‍ എണ്ണയിലെ കുറവ്: കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിനം 19.8 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇതില്‍ വലിയ കുറവുണ്ടാകും.

ഇളവിനായി ഇന്ത്യയുടെ ശ്രമം

റഷ്യന്‍ എണ്ണ വാങ്ങാനുള്ള അനുമതി നീട്ടിനല്‍കണമെന്ന് ഇന്ത്യയും ഫിലിപ്പീന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കണമെന്നും എണ്ണ വിതരണം തടസ്സപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്ന് 40 ശതമാനം വരെ വിലക്കുറവില്‍ എല്‍എന്‍ജി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അമേരിക്കന്‍ ഉപരോധം ഭയന്ന് അത് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ കരുതലോടെയാണ് നീങ്ങുന്നത്. ഇളവുകള്‍ അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എണ്ണ ലഭ്യത കുറയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

PREV
Read more Articles on
click me!

Recommended Stories

കടൽ കടന്ന മലയാളികൾക്കും വേണ്ടേ വിഷു? ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനത്തിൽ കയറ്റി അയച്ചത് 1650 ടൺ പച്ചക്കറികൾ
ചൈനയെ മറികടക്കാൻ ഇന്ത്യ! ബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യം; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം