സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിനായി വിമാനത്താവള നടത്തിപ്പുകാർക്ക് എയർലൈനുകളിൽ 10 ശതമാനത്തിൽ കൂടുതൽ ഓഹരി പാടില്ലെന്ന ചട്ടം മാറ്റാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ ഇതിൽ പോസിറ്റീവായ തീരുമാനമെടുത്താൽ പക്ഷപാതപരമായേക്കാമെന്ന ആശങ്കയിൽ മറ്റ് വിമാനക്കമ്പനികൾ എതിർപ്പുമായി രംഗത്തുണ്ട്.
സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന് മുന്നോടിയായി ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പാടില്ലെന്ന നിലവിലെ ചട്ടം മാറ്റാന്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി റിപ്പോർട്ട്.അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴസ് ആണ് വാർത്ത പുറത്തു വിട്ടിട്ടുള്ളത്. രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരില്‍ 90 ശതമാനവും ആശ്രയിക്കുന്നത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ കമ്പനികളെയാണ്. ഈ കുത്തക തകര്‍ത്ത് വിപണിയില്‍ മത്സരം വര്‍ധിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ്, ജിഎംആര്‍ തുടങ്ങിയ വിമാനത്താവള നടത്തിപ്പുകാര്‍ക്ക് സ്വന്തമായി വിമാനക്കമ്പനി തുടങ്ങാന്‍ അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയുടെ പുതിയ നീക്കം.
2006-ല്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയ ഒരു വ്യവസ്ഥയിലാണ് അദാനി ഇളവ് തേടുന്നത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഈ രണ്ട് വിമാനത്താവളങ്ങളുടെയും നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം പാടില്ലെന്നാണ് ഈ വ്യവസ്ഥ പറയുന്നത്. ഇത് മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യോമയാന മന്ത്രാലയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിയമോപദേശം തേടിയതായാണ് വിവരം. ഈ ചട്ടത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്.
അദാനിയുടെ താല്‍പര്യമെന്ത്?
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വ്യോമയാന മേഖലയില്‍ വലിയ സാന്നിധ്യമായി അദാനി ഗ്രൂപ്പ് മാറിയിട്ടുണ്ട്. നിലവില്‍ 8 വിമാനത്താവളങ്ങള്‍ അദാനിയുടെ കീഴിലുണ്ട്. മുംബൈ വിമാനത്താവളത്തില്‍ 74 ശതമാനം ഓഹരിയും അദാനിക്കാണ്ട്. ഇതിന് പുറമെ പൈലറ്റുമാര്‍ക്കുള്ള പരിശീലനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് തുടങ്ങിയ ബിസിനസുകളിലും കമ്പനി സജീവമാണ്. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രായറുമായി ചേര്‍ന്ന് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള അദാനിയുടെ പദ്ധതിയും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ വിമാനക്കമ്പനികള്‍ക്ക് എംബ്രായര്‍ വിമാനങ്ങള്‍ വാങ്ങാന്‍ വലിയ താല്‍പര്യമില്ലാത്തതിനാല്‍, സ്വന്തമായി ഒരു വിമാനക്കമ്പനി ഉണ്ടായാല്‍ ഈ നിര്‍മ്മാണ പദ്ധതി വാണിജ്യപരമായി വിജയകരമാക്കാന്‍ കഴിയുമെന്ന് അദാനി കരുതുന്നു.
കേന്ദ്രം പച്ചക്കൊടി കാണിക്കുമോ?
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അടക്കി ഭരിക്കുന്ന ആഭ്യന്തര വ്യോമയാന മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പര്യമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള പുതിയൊരു വിമാനക്കമ്പനി വരുന്നത് വിപണിയില്‍ മികച്ച മത്സരത്തിന് സഹായിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എതിര്‍പ്പുമായി കമ്പനികള്‍
എന്നാല്‍ പുതിയ നിര്‍ദ്ദേശത്തിനെതിരെ നിലവിലെ വിമാനക്കമ്പനികള്‍ ശക്തമായി രംഗത്തെത്തിയേക്കും. വിമാനത്താവള നടത്തിപ്പുകാര്‍ തന്നെ സ്വന്തമായി വിമാനക്കമ്പനി തുടങ്ങുന്നത് പക്ഷപാതത്തിന് കാരണമാകുമെന്നാണ് ഇവരുടെ ആശങ്ക. പ്രത്യേകിച്ച് തിരക്കേറിയ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് പറന്നുയരാനും ലാന്‍ഡ് ചെയ്യാനുമുള്ള സമയം അനുവദിക്കുന്നതില്‍ വിമാനത്താവള നടത്തിപ്പുകാര്‍ സ്വന്തം കമ്പനിക്ക് മുന്‍ഗണന നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിരക്കേറിയ വിമാനത്താവളങ്ങളിലെ ഈ സ്ലോട്ടുകള്‍ വിമാനകമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.


