
ദില്ലി: സാധാരണ ഭക്ഷണം കഴിക്കുമ്പോഴാണ് നമ്മൾ വെജിറ്റേറിയൻ ആണോ നോൺ വെജിറ്റേറിയൻ ആണോ എന്നൊക്കെ നോക്കാറുള്ളത്. എന്നാൽ സോപ്പ്, ഷാംപൂ, ടൂത്ത്പേസ്റ്റ്, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവ ഇതിൽ ഏത് ഗണത്തിൽ പെടുമെന്ന് അറിയാൻ സാധിച്ചാലോ? എന്നാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഇത് പാക്കറ്റിൽ നോക്കി എളുപ്പത്തിൽ തിരിച്ചറിയാം. ഇവയിൽ 'വെജ്', 'നോൺ വെജ്' ലേബലിംഗ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രം.
പുതിയ ഉത്തരവ് പ്രകാരം, സസ്യ ഉൽപ്പന്നങ്ങൾ അടങ്ങിയവയ്ക്ക് പച്ച നിറത്തിലുള്ള കുത്തോ (Green Dot), മാംസാംശങ്ങളോ മൃഗക്കൊഴുപ്പോ അടങ്ങിയവയ്ക്ക് ചുവപ്പോ തവിട്ടോ നിറത്തിലുള്ള കുത്തോ (Red/Brown Dot) നൽകണം. പാക്കറ്റിന്റെ മുൻവശത്ത് ഏറ്റവും മുകളിലായി വേണം ഈ ചിഹ്നം പതിപ്പിക്കാൻ.
ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ എന്ത് ഉപയോഗിച്ച് നിർമിച്ചതാണെന്ന് കൃത്യമായി മനസിലാക്കാൻ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 ആണ് ഇതിനായി ഭേദഗതി ചെയ്തിരിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നുവെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകളൊന്നും കേന്ദ്രം പുറത്തു വിട്ടിട്ടില്ല.