കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; നികുതി തർക്ക കേസിൽ വൊഡഫോണിന് 40 കോടി നൽകണം

Published : Sep 26, 2020, 12:09 AM ISTUpdated : Sep 26, 2020, 12:13 AM IST
കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; നികുതി തർക്ക കേസിൽ വൊഡഫോണിന് 40 കോടി നൽകണം

Synopsis

40.32 കോടി രൂപയാണ് കേന്ദ്രസർക്കാർ വൊഡഫോണിന് നൽകേണ്ടത്.  നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നും കോടതി ചെലവായി 5.47 ദശലക്ഷം ഡോളർ വൊഡഫോണിന് കേന്ദ്രസർക്കാർ നൽകണമെന്നും വിധിയിൽ പറയുന്നു.

ദില്ലി: അന്തർദേശീയ നികുതി തർക്ക കേസിൽ കേന്ദ്രസർക്കാരിനെതിരെ വൊഡഫോണിന് വിജയം. രണ്ട് ബില്യൺ ഡോളറിന്റെ നികുതി തർക്ക കേസിലാണ് ടെലികോം കമ്പനിക്ക് വിജയം നേടാനായത്.  ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കേസിൽ വാദം കേട്ടത്. 

വൊഡഫോണിന് മേൽ നികുതിയും പലിശയും പിഴയും ചുമത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം, നെതർലന്റുമായി ഇന്ത്യയുണ്ടാക്കിയ ഉഭയകക്ഷി കരാറിന്റെ ലംഘനമാകുമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയതായാണ് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്.

നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട് പോകണമെന്നും കോടതി ചെലവായി 5.47 ദശലക്ഷം ഡോളർ വൊഡഫോണിന് കേന്ദ്രസർക്കാർ നൽകണമെന്നും വിധിയിൽ പറയുന്നു. 40.32 കോടി രൂപയാണ് കേന്ദ്രസർക്കാർ വൊഡഫോണിന് നൽകേണ്ടത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയവും വൊഡഫോണും ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഹച്ചിസൺ വാംപോയിൽ നിന്നും മൊബൈൽ ആസ്തികൾ 2007 ൽ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012 ൽ സുപ്രീം കോടതി വൊഡഫോണിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ആ വർഷം അവസാനത്തോടെ ഇത്തരം ഇടപാടുകളിൽ കേന്ദ്രസർക്കാരിന് നികുതി അടയ്ക്കാൻ കമ്പനികളെ ബാധ്യതപ്പെടുത്തുന്ന വിധത്തിൽ നിയമം പരിഷ്കരിച്ചു. 2014 ൽ വൊഡഫോൺ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?