
ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കാന്‍ യുഎസിലെ സമ്പന്നര്‍ മടിക്കുമ്പോള്‍ രണ്ടും കല്‍പിച്ച് രംഗത്തെത്തി ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി ഏര്‍പ്പെടുത്തിയ താരിഫുകളെ ശക്തമായി വിമര്‍ശിച്ച് ബഫറ്റ് രംഗത്തെത്തി. യുദ്ധ സമാനമായ നടപടിയാണ് ട്രംപിന്‍റേതെന്ന് സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ബഫറ്റ് പറഞ്ഞു. താരിഫുകള്‍ ഉപഭോക്താക്കള്‍ വഹിക്കേണ്ട സാധനങ്ങളുടെ നികുതിയായി അവസാനിക്കുന്നുവെന്ന് ബഫറ്റ് ചൂണ്ടിക്കാട്ടി. ട്രംപ് പുതിയ താരിഫ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബഫറ്റിന്‍റെ അഭിപ്രായ പ്രകടനം . കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 25% താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനീസ് ഇറക്കുമതിയുടെ തീരുവ 10% ല്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ മുതല്‍ ഇലക്ട്രോണിക്സ് വരെയുള്ള എല്ലാത്തിനും ഇതോടെ അമേരിക്കയില്‍ വില കൂടും.
അതേ സമയം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് ബഫറ്റിന്‍റെ വിമര്‍ശനത്തെ തള്ളിക്കളഞ്ഞു. 'വിഡ്ഢിത്തം' എന്നാണ് സിഎന്‍എന്‍ അഭിമുഖത്തില്‍ വാണിജ്യ സെക്രട്ടറി പറഞ്ഞത്.
ബഫറ്റ് താരിഫുകളെ വിമര്‍ശിക്കുന്നത് ഇതാദ്യമല്ല. ട്രംപിന്‍റെ 2016 ലെ വ്യാപാര നയങ്ങളെ അദ്ദേഹം 'വളരെ മോശം ആശയം' എന്ന് വിളിച്ചിരുന്നു. അതേ സമയം യുദ്ധ സമാന നടപടി എന്നതിലപ്പുറം ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ ബഫറ്റ് തയാറായിട്ടില്ല. വിശാലമായ സാമ്പത്തിക വീക്ഷണങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം മൗനം പാലിച്ചു.
അമേരിക്കന്‍ ഓഹരി വിപണി ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടി ബഫെറ്റ് വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ആപ്പിളിന്‍റെയടക്കം ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടും. 27 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റ് നിക്ഷേപം പണമായി സൂക്ഷിക്കുകയാണ് നിലവില്‍ ബഫറ്റ്. ഇത് അമേരിക്കയില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.