സ്റ്റാർട്ടപ്പുകൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ; കേന്ദ്ര ബജറ്റിൽ നവ സംരംഭകരുടെ പ്രതീക്ഷ വാനോളം

By Web TeamFirst Published Jan 29, 2024, 5:00 PM IST
Highlights

സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് അനുകൂലമായ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം പിടിക്കുമെന്നാണ് നവ സംരംഭകർ കരുതുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഇക്കോസിസ്റ്റമാണ്.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ സ്റ്റാര്‍ട്ടപ്പ് മേഖല. സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് അനുകൂലമായ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം പിടിക്കുമെന്നാണ് നവ സംരംഭകർ കരുതുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഇക്കോസിസ്റ്റമാണ്. വളര്‍ന്നു വരുന്ന 92,683 കമ്പനികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. ഇവയുടെ സാമ്പത്തിക അടിത്തറ സുശക്തമാക്കുന്ന രീതിയുള്ള തീരുമാനങ്ങള്‍ ഉണ്ടാകണമെന്നാണ് മേഖല പൊതുവെ ആവശ്യപ്പെടുന്നത്.
 
ദീർഘകാല മൂലധന നേട്ട  നികുതി ഏർപ്പെടുത്തിയതിൽ വിപണിയിൽ ലിസ്‌റ്റ് ചെയ്‌തതും ലിസ്‌റ്റ് ചെയ്യപ്പെടാത്തതുമായ ഓഹരികളെ പരിഗണിക്കുന്ന രീതിയിൽ  വിവേചനം ഉണ്ടെന്നാണ് സ്റ്റാർട്ടപ്പുകളുടെ പരാതി . ഉദാഹരണത്തിന്, സ്വകാര്യ ഓഹരികളിലെ നിക്ഷേപങ്ങൾക്ക്  20% ആണ് നികുതി. വിപണിയിൽ  ട്രേഡ് ചെയ്യുന്ന ഓഹരികൾക്ക് 10 ശതമാനവും.  ഉയർന്ന തലത്തിലുള്ള  റിസ്‌ക് എടുക്കുന്നതിനുള്ള പരിഗണന  തങ്ങൾക്ക് വേണമെന്നാണ് സ്റ്റാർട്ടപ്പുകളുടെ വാദം. നിക്ഷേപകരിൽ നിന്ന് മൂലധന നേട്ട നികുതി ഈടാക്കുന്നത് സ്റ്റാർട്ടപ്പുകളെ ബാധിക്കും.  

എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാനുകൾക്ക്   നികുതി ചുമത്തുന്നതിലെ അസമത്വത്തെക്കുറിച്ചും സ്റ്റാർട്ടപ്പുകൾ പരാതി ഉയർത്തുന്നുണ്ട്.  ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് പ്രധാന ജീവനക്കാരെ നിലനിർത്തുന്നതിനും പ്രതിഫലം നൽകുന്നതിനുമായി സ്റ്റാർട്ടപ്പുകൾ നൽകുന്നതാണ് എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ പ്ലാനുകൾ.  ഈ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികൾക്ക് റീസെയിൽ മാർക്കറ്റ് ഇല്ല. എന്നിട്ടും ഈ ഓഹരികൾക്ക് ജീവനക്കാർ നികുതി അടയ്ക്കുന്നു. ഇതിലും പരിഹാരമുണ്ടാകണമെന്ന് സ്റ്റാർട്ടപ്പുകൾ ആവശ്യപ്പെടുന്നു. നിലവിൽ, ഈ ആനുകൂല്യം 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80-ഐഎസിയുടെ കീഴിൽ വരുന്ന സ്റ്റാർട്ടപ്പുകളിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.  

മറ്റൊന്ന് ബദല്‍ നിക്ഷേപ ഫണ്ടുകള്‍ക്കുള്ള നികുതിയാണ്. വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളടക്കമുള്ളവ പരോക്ഷ നികുതിയ്ക്ക് വിധേയമാണെന്ന് 2021 ല്‍ ഒരു നികുതി ട്രിബ്യൂണല്‍ വിധിച്ചിരുന്നു. സ്റ്റാർട്ടപ്പുകൾ, വിദേശ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നതിന് അധിക നികുതി അടയ്ക്കുന്നതിന് ഇത് ഇടയാക്കും. ഇത് സ്റ്റാർട്ടപ്പുകളുടെ ധനസമാഹരണത്തെ ബാധിച്ചേക്കാം

നികുതി ഇളവുകളും ഇൻസെൻറീവുകളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ ജീവനാഡിയാണ്. നിലവിലുള്ള നികുതി ഇളവ് കാലാവധി നീട്ടുന്നതും   നഷ്‌ടങ്ങളുടെ കാരി-ഫോർവേർഡ് അനുവദിക്കുന്നതും വളരെ  അധികം ആശ്വാസകരമായിരിക്കും. എഐ, ബ്ലോക്ക്‌ചെയിൻ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പ്രധാന മേഖലകളിൽ ഗവേഷണത്തിനും വികസനത്തിനും ലക്ഷ്യമിട്ടുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതും ബജറ്റ് പരിഗണിക്കേണ്ടതുണ്ട്.   എയ്ഞ്ചൽ നിക്ഷേപകർക്കും വിസികൾക്കും നികുതി ഇളവുകൾ നടപ്പിലാക്കാനും ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കാനും നടപടി വേണം. സമ്പൂർണ്ണ ഫണ്ടിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാൻ  സ്റ്റാർട്ടപ്പ് എക്സ്ചേഞ്ചും ഒരുക്കേണ്ടതുണ്ട്.  ഇത് യുവസംരംഭങ്ങൾക്ക്  കൂടുതൽ മൂലധനം പ്രാപ്യമാക്കും .ചരക്ക് സേവന നികുതിയുടെ സങ്കീർണതകൾ സ്റ്റാർട്ടപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുറഞ്ഞ സ്ലാബുകൾ, ലളിതമായ റിപ്പോർട്ടിംഗ്,   ഇളവുകൾ എന്നിവയിലൂടെ പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ജിഎസ്ടിയിൽ ഇളവ് നൽകണം. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രധാന ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്  ഇത് സഹായിക്കും.
 

click me!