നികുതിദായകർക്ക് ആശ്വാസമായും ആശങ്കയായും ബജറ്റ്; 10 പുതിയ പരിഷ്‌കാരങ്ങള്‍

Published : Feb 02, 2026, 05:47 PM IST
Nirmala Sitharama Budget 2026 saree

Synopsis

സാധാരണക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാകുന്ന ബജറ്റിലെ 10 പ്രധാന കാര്യങ്ങള്‍ അറിയാം:

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റില്‍ ആദായനികുതി സ്ലാബുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും നികുതിദായകര്‍ക്ക് നിര്‍ണ്ണായകമായ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. 1961-ലെ ആദായനികുതി നിയമത്തിന് പകരം പുതിയ ഇന്‍കം ടാക്‌സ് ആക്ട് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. സാധാരണക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാകുന്ന ബജറ്റിലെ 10 പ്രധാന കാര്യങ്ങള്‍ അറിയാം:

1. സ്ലാബുകളില്‍ മാറ്റമില്ല

ആദായനികുതി നിരക്കുകളിലോ സ്ലാബുകളിലോ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള നികുതി ഘടന തന്നെ തുടരും.

2. പുതിയ ആദായനികുതി നിയമം ആറു പതിറ്റാണ്ട് പഴക്കമുള്ള നിയമത്തിന് പകരം ലളിതമായ 'ആദായനികുതി നിയമം ' 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നികുതി നടപടികള്‍ ലഘൂകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

3. അപകട ഇന്‍ഷുറന്‍സ് പലിശയ്ക്ക് നികുതിയില്ല

വാഹനാപകട കേസുകളില്‍ കോടതി വിധിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്ക് ഇനി ആദായനികുതി നല്‍കേണ്ടതില്ല. മരണം, അംഗവൈകല്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട തുകകള്‍ക്ക് ഇത് ബാധകമാണ്. മുന്‍പ് ഈ പലിശയ്ക്ക് നികുതി നല്‍കണമായിരുന്നു.

4. ഓഹരി ബൈബാക്കിന് പുതിയ നികുതി കമ്പനികള്‍ ഓഹരികള്‍ തിരികെ വാങ്ങുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ ഇനി 'മൂലധന നേട്ടമായി' കണക്കാക്കും. നിലവില്‍ ഇത് ഡിവിഡന്റായി കണക്കാക്കി സ്ലാബ് നിരക്കിലാണ് നികുതി ഈടാക്കിയിരുന്നത്. ഇതിനു പുറമെ, കോര്‍പ്പറേറ്റ് ഇതര പ്രൊമോട്ടര്‍മാര്‍ക്ക് 30 ശതമാനവും കോര്‍പ്പറേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് 22 ശതമാനവും നികുതി ഏര്‍പ്പെടുത്തി.

5. ഓഹരി വിപണിയിലെ നികുതി വര്‍ദ്ധിപ്പിച്ചു

ഓഹരി വിപണിയിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് (F&O) ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് കൂട്ടി.

ഓപ്ഷന്‍സ്: 0.125 ശതമാനത്തില്‍ നിന്ന് 0.15 ശതമാനമായി ഉയര്‍ത്തി.

ഫ്യൂച്ചേഴ്സ്: 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കുകള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

6. ആദായനികുതി റിട്ടേണ്‍ തിരുത്താന്‍ കൂടുതല്‍ സമയം നല്‍കിയ ആദായനികുതി റിട്ടേണുകളില്‍ പിശകുണ്ടെങ്കില്‍ അത് തിരുത്തി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31-ല്‍ നിന്ന് മാര്‍ച്ച് 31 വരെ നീട്ടി.

7. തടവുശിക്ഷയില്‍ ഇളവ്

ആദായനികുതി നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധി കുറച്ചു. നിലവിലുള്ള പരമാവധി 7 വര്‍ഷം തടവ് എന്നത് 2 വര്‍ഷമായി കുറച്ചു. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് 7 വര്‍ഷത്തിന് പകരം 3 വര്‍ഷമായിരിക്കും പരമാവധി ശിക്ഷ.

8. ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് പിഴ

ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ കര്‍ശനമായ പിഴ വരും. വിവരങ്ങള്‍ നല്‍കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയും, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 50,000 രൂപയുമാണ് പിഴ.

9. പിഴയില്‍ നിന്ന് ഒഴിവാകാന്‍ അവസരം

നികുതി സംബന്ധിച്ച കേസുകളില്‍ കുടിശ്ശികയും പലിശയും കൃത്യമായി അടച്ചുതീര്‍ത്തവര്‍ക്കും, കോടതിയില്‍ അപ്പീല്‍ നല്‍കാത്തവര്‍ക്കും ചില പ്രത്യേക നിബന്ധനകളോടെ ശിക്ഷാ നടപടികളില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാകാന്‍ പുതിയ നിയമം അവസരം നല്‍കുന്നു.

10. ടിഡിഎസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ശമ്പളത്തില്‍ നിന്നോ മറ്റോ പിടിക്കുന്ന ടിഡിഎസ് സര്‍ക്കാരിലേക്ക് കൃത്യമായി അടയ്ക്കാതിരുന്നാല്‍ പരമാവധി 2 വര്‍ഷം വരെ തടവ് ലഭിക്കാം. ഏറ്റവും കുറഞ്ഞ ശിക്ഷ പിഴ മാത്രമായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! അക്കൗണ്ട് കാലിയാകും; മെസേജിലും വാട്സാപ്പിലും വരുന്ന ലിങ്ക് തുറക്കും മുമ്പ് ഇതറിയൂ!
ബജറ്റിൽ നേട്ടം ഉണ്ടാക്കുന്നത് ആരൊക്കെ? നിർമ്മല സീതാരാമന്റെ 9-ാം ബജറ്റിന്റെ പൂർണവിവരങ്ങൾ