ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് 'പിങ്ക് ടാക്സ്'?

Published : Feb 02, 2026, 04:13 PM ISTUpdated : Feb 02, 2026, 06:31 PM IST
Vazor

Synopsis

സ്ത്രീകൾക്കായി വിപണിയിലെത്തുന്ന സമാന ഉൽപ്പന്നങ്ങൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ വില ഈടാക്കുന്ന വിപണിയിലെ പ്രവണതയാണ് പിങ്ക് ടാക്സ്. ഇത് സ്ത്രീകളുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും സാമ്പത്തിക ഭദ്രതയെ  ബാധിക്കുകയും ചെയ്യുന്നു. 

ഒരേ സാധത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് വില കൊടുക്കേണ്ടി വരുന്ന അവസ്ഥ ഇവിടെയുണ്ട്. സ്ത്രീകൾ അധികം ശ്രദ്ധിക്കാതെ പോകുന്ന, മാ‌‍ർക്കറ്റിൽ വളരെയധികം ആഘോഷിക്കപ്പെടുന്ന ഒരു സ്കാം ആണിത്. ഇതിനെ പിങ്ക് ടാക്സ് എന്നാണ് വിളിക്കുന്നത്. സർക്കാർ നേരിട്ട് ചുമത്തുന്ന ടാക്സ് ആണിതെന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീകൾക്കായി വിപണിയിലെത്തുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും പുരുഷന്മാർ ഉപയോഗിക്കുന്ന അതേ ഉൽപ്പന്നങ്ങളെക്കാൾ കൂടുതൽ വില ഈടാക്കുന്ന പ്രവണതയെ ആണ് പിങ്ക് ടാക്‌സ് എന്ന് വിളിക്കുന്നത്. ഒരേ ഗുണനിലവാരവും ഒരേ ഉപയോഗവും ഉള്ള സാധനങ്ങൾക്ക് പോലും ‘ഫോർ വുമൺ’, ‘ലേഡീസ് സ്പെഷ്യൽ എന്നൊക്കെ ലേബലുള്ളത് കൊണ്ട് മാത്രം അധികം പണം നൽകേണ്ടി വരുന്നു എന്ന് സാരം. നിയമങ്ങളിൽ ഒന്നും എവിടെയും ഇതിനെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും ജീവിതച്ചെലവിൽ പിങ്ക് ടാക്സിന്റെ ഇടപെടൽ വളരെ വലുതാണ്.

‍നിത്യജീവിതത്തിൽ…

പിങ്ക് ടാക്‌സ് കൂടുതലായി കാണപ്പെടുന്നത് നമ്മൾ ഡെയിലി യൂസ് ചെയ്യുന്ന സാധനങ്ങളിലാണ്. ഉദാഹരണത്തിന് റേസറുകൾ, ഷാംപൂ, ഡിയോഡ്റന്റ്, പെർഫ്യൂം, വസ്ത്രങ്ങൾ, പെൺകുട്ടികളുടെ കളിപ്പാട്ടങ്ങൾ, ബ്യൂട്ടി പ്രൊഡക്ട്സ് എന്നിവക്കാണ് ഈ ലിംഗവിവേചനം കൂടുതലായി കാണപ്പെടുന്നത്. ഇതിൽ പ്രധാന വ്യത്യാസം പലപ്പോഴും നിറം, പാക്കേജിംഗ്, മാർക്കറ്റിംഗ് തുടങ്ങിയവയിൽ മാത്രവുമായിരിക്കും.

ഇനി, പിങ്ക് ടാക്സ് എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് നോക്കാം. സ്ത്രീകൾ സെൽഫ് കെയറിനും സൗന്ദര്യത്തിനും കൂടുതൽ പണം ചെലവിടുമെന്ന് കമ്പനികൾ കരുതുന്നു. സോ കാൾഡ് സുന്ദരിയാകണം, പെൺകുട്ടികൾക്ക് പല കാര്യങ്ങളിലും എക്സ്ടാ കെയ‌‌ർ വേണം തുടങ്ങിയ പല സ്ട്രാറ്റജികൾ കൂടിയാണ് കമ്പനികൾ പയറ്റുന്നത്. വിലയിൽ ഇത്രയധികം വ്യത്യാസം വന്നാലും ഇത് ചോദ്യം ചെയ്യപ്പെടാത്തതും വ്യവസായികൾക്ക് അനുകൂലമാക്കുന്നു.

ഇനി ഇത്തരം വിവേചനത്തിലൂടെ 1 രൂപ മാത്രം അധികമേ ഉള്ളൂവെങ്കിൽപ്പോലും, സ്ത്രീകൾ ജീവിതകാലം മുഴുവൻ ചെലവിടുന്ന കണക്കെടുത്താൽ അത് കൂടുതലായിരിക്കും. അതായത് പുരുഷന്മാ‌‍ർക്ക് വരുന്ന ചെലവിന്റെ അതേ സെക്ഷനിൽ സ്ത്രീകൾ ഒരു ആയുഷ്ക്കാലം കൊണ്ട് ആയിരങ്ങളോ പതിനായിരങ്ങളോ ലക്ഷങ്ങളോ അധികം ചെലവിടേണ്ടി വരും. കുറഞ്ഞ വരുമാനമുള്ള സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുക എന്നതാണ് മറ്റൊരു വസ്തുത.

സ‌‍ർക്കാ‌‌ർ തലത്തിൽ മെൻസ്ട്രുവൽ കപ്പിനെയും, സാനിറ്ററി നാപ്കിനുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റ് അധിക ഉൽപ്പന്നങ്ങൾക്ക് ഇപ്പോഴും കമ്പനികൾ കൊള്ള വില തന്നെയാണ് ഈടാക്കുന്നത്. സാമ്പത്തിക വിവേചനമായി തന്നെ ഇതിനെ കണക്കാക്കാം. ഉപഭോക്താക്കൾ തന്നെയാണ് ഇത് അനീതിയാണെന്ന് തിരിച്ചറിഞ്ഞ് പ്രവ‌‌ർത്തിക്കേണ്ടതും. വിപണിയിലെ ഈ വില വിവേചനത്തിനെതിരായ ശക്തമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഇതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കൂ. തുല്യവില എന്നതിന് ഇവിടെ തുല്യ നീതി എന്നു കൂടെ അ‍ർത്ഥമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; സ്വാതന്ത്ര്യദിനം, ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ കേരളത്തിൽ അവധി
നിർണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് വിധി