ട്രംപിന്‍റെ ആസ്തി അമ്പരപ്പിക്കുന്നത്; കണക്കുകള്‍ പുറത്ത്

By Web TeamFirst Published Mar 25, 2024, 6:34 PM IST
Highlights

തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന ട്രംപിന്‍റെ ആസ്തി എത്രയായിരിക്കും

മേരിക്ക  പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുകയാണ്. ഇത്തവണയും ജോ ബൈഡനും ഡോണാള്‍ഡ് ട്രംപും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുമെന്ന് ഏതാണ് ഉറപ്പായിരിക്കുകയാണ്. സ്ഥാനമൊഴിഞ്ഞ ശേഷം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു പക്ഷെ ബൈഡനേക്കാള്‍ വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ടാവുക ട്രംപ് ആയിരിക്കും. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ട്രംപിനെ രാഷ്ട്രീയത്തിനപ്പുറം എല്ലാക്കാലത്തും മുഖ്യധാരയില്‍ നില നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്‍റെ ബിസിനസും പങ്കുവഹിച്ചിട്ടുണ്ട് . കോടികള്‍ മൂല്യം വരുന്ന ട്രംപിന്‍റെ വ്യവസായ സാമ്രാജ്യത്തിന്‍റെ കഥകളും വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന ട്രംപിന്‍റെ ആസ്തി എത്രയായിരിക്കും

 
കുറച്ച് പണമെടുക്കാനുണ്ടോ കയ്യില്‍ ... ഈ ചോദ്യം ട്രംപിനോടാണെങ്കില്‍ ഉത്തരം ഇതായിരിക്കും. 4,150 കോടി രൂപ...ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 400 മില്യണ്‍ ഡോളര്‍ പക്കലുണ്ടെന്നായിരുന്നു ട്രംപ് കോടതിയെ അറിയിച്ചിരുന്നത്. ഈ തുക നിലവില്‍ 500 ദശലക്ഷം ഡോളറായി വര്‍ധിച്ചിട്ടുണ്ടായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.

2022ല്‍ ഗോള്‍ഫ് കോഴ്സില്‍ നിന്ന് 4200 കോടിയിലധികം രൂപയാണ് ട്രംപിന് ലഭിച്ചത്. ലൈസന്‍സിംഗ് ഫീസ് , റോയല്‍റ്റി ഇനത്തില്‍ 250 കോടി രൂപയും മാനേജ്മെന്‍റ് ഫീസായി ഏതാണ്ട് 200 കോടി രൂപയും ആയിരുന്നു ട്രംപിന്‍റെ വരുമാനം. വിവിധ ചടങ്ങുകളില്‍ പണമീടാക്കി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ 50 കോടി രൂപയും ട്രംപ് പോക്കറ്റിലാക്കി. വാഷിങ്ടണ്‍ ഡിസി ഹോട്ടല്‍ വിറ്റതിലൂടെ 2,200 കോടി രൂപയും രണ്ട് ഹെലികോപ്റ്ററുകള്‍ വിറ്റ് 8.3 കോടി രൂപയും ലഭിച്ചതായി ട്രംപ് നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു.

ഹോട്ടലുകൾ, ഓഫീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ഗോൾഫ് കോഴ്‌സുകൾ, എസ്റ്റേറ്റുകൾ എന്നിവ ട്രംപിന്റെ കൈവശമുണ്ട്. 40 വാൾ സ്ട്രീറ്റ്, ന്യൂയോർക്കിലെ ഒരു ഓഫീസ് കെട്ടിടം, മാൻഹട്ടനിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ റിസോർട്ട് എന്നിങ്ങനെയുള്ള   വിലപിടിപ്പുള്ള നിരവധി സ്വത്തുക്കൾക്കുടമയാണ് ട്രംപ്.  2021 ജൂണിലെ കണക്കുകൾ പ്രകാരം 37,000 കോടി രൂപയായിരുന്നു ട്രംപിന്റെ ആകെ ആസ്തി.  

 ഗോൾഫ് ക്ലബ്ബുകളും മറ്റ് ക്ലബ് സൗകര്യങ്ങളും 1.76 ബില്യൺ ഡോളർ വിലമതിക്കുന്നതാണ്. ട്രംപ് ടവറും ട്രംപ് പ്ലാസയും യഥാക്രമം 524.7 മില്യൺ ഡോളറും 33.4 മില്യൺ ഡോളറും മൂല്യമുള്ളതാണ്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന് ഏകദേശം 50,000 കോടി രൂപ മൂല്യമുണ്ട് . എന്തായാലും രാഷ്ട്രീയക്കാരനായ പണക്കാരനായ ബിസിനസുകാരനായ വിവാദ നായകനായ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രകടനം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണെന്ന കാര്യത്തില്‍ സംശയമില്ല.

 

tags
click me!