വേനല്‍ ചൂടില്‍ വില കുറഞ്ഞ വിസ്‌കി, ബ്രിട്ടീഷ് വിസ്‌കിക്കും കാറിനും വില കുറയും; ഇന്ത്യ- യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മുതല്‍

Published : Feb 18, 2026, 11:12 AM IST
Bourbon Whiskey

Synopsis

നിലവില്‍ 150 ശതമാനമാണ് വിസ്‌കിയുടെ ഇറക്കുമതി തീരുവ. കരാര്‍ നടപ്പിലാകുന്നതോടെ ഇത് ഉടന്‍ തന്നെ 75 ശതമാനമായി കുറയും. 2035 ആകുമ്പോഴേക്കും ഇത് 40 ശതമാനത്തിലേക്ക് താഴ്ത്താനാണ് തീരുമാനം

 

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ സാധ്യത. കരാര്‍ നിലവില്‍ വരുന്നതോടെ ബ്രിട്ടീഷ് നിര്‍മിത കാറുകള്‍ക്കും സ്‌കോച്ച് വിസ്‌കിക്കും ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇറക്കുമതി തീരുവയില്‍ വന്‍ കുറവുണ്ടാകും.കഴിഞ്ഞ വര്‍ഷം ജൂലൈ 24-നാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ബ്രിട്ടീഷ് വിപണിയില്‍ നികുതി ഒഴിവാക്കുമ്പോള്‍, പകരമായി ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും വിസ്‌കിക്കും ഇന്ത്യ നികുതി ഇളവ് നല്‍കും.

മദ്യത്തിനും കാറിനും എത്ര കുറയും?

സ്‌കോച്ച് വിസ്‌കി: നിലവില്‍ 150 ശതമാനമാണ് വിസ്‌കിയുടെ ഇറക്കുമതി തീരുവ. കരാര്‍ നടപ്പിലാകുന്നതോടെ ഇത് ഉടന്‍ തന്നെ 75 ശതമാനമായി കുറയും. 2035 ആകുമ്പോഴേക്കും ഇത് 40 ശതമാനത്തിലേക്ക് താഴ്ത്താനാണ് തീരുമാനം.

കാറുകള്‍: ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്ക് നിലവില്‍ 110 ശതമാനം വരെ നികുതിയുണ്ട്. ഇത് ഘട്ടം ഘട്ടമായി കുറച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനത്തില്‍ എത്തിക്കും. പകരമായി ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.

ഇന്ത്യന്‍ വ്യാപാരികള്‍ക്കും ലോട്ടറി

ബ്രിട്ടനിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വലിയ നേട്ടമാണ് കരാര്‍ വാഗ്ദാനം ചെയ്യുന്നത്. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ആഭരണങ്ങള്‍, കായിക ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്ക് ബ്രിട്ടീഷ് വിപണിയില്‍ ഇനി തീരുവ നല്‍കേണ്ടി വരില്ല 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

തൊഴിലാളികള്‍ക്കും ആശ്വാസം

വ്യാപാര കരാറിനൊപ്പം 'ഡബിള്‍ കോണ്‍ട്രിബ്യൂഷന്‍ കണ്‍വെന്‍ഷനും' നടപ്പിലാക്കും. ഇതോടെ ബ്രിട്ടനില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് രണ്ട് രാജ്യങ്ങളിലും ഒരേസമയം സാമൂഹിക സുരക്ഷാ വിഹിതം അടയ്‌ക്കേണ്ടി വരില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ക്ക് ശേഷം കരാറിന് അന്തിമ അംഗീകാരം ലഭിക്കും. ഇന്ത്യയില്‍ കേന്ദ്ര മന്ത്രിസഭയാണ് ഇതില്‍ തീരുമാനമെടുക്കുക. ഏപ്രില്‍ മാസത്തോടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കരാര്‍ ഔദ്യോഗികമായി നിലവില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

ആന്ത്രോപികുമായി കൈകോര്‍ത്ത് ഇന്‍ഫോസിസ്; ലക്ഷ്യം എഐയിലെ വന്‍ കുതിച്ചുചാട്ടം
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം: ഹയാത്ത് ഹോട്ടല്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ടോം പ്രിറ്റ്സ്‌കര്‍ രാജിവച്ചു