'സമ്പ​ദ് വ്യവസ്ഥ താഴേക്ക് പോകുന്നു, പറയൂ ആരാണ് പപ്പു'; കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് മഹുവ മൊയിത്ര

Published : Dec 13, 2022, 08:56 PM IST
'സമ്പ​ദ് വ്യവസ്ഥ താഴേക്ക് പോകുന്നു, പറയൂ ആരാണ് പപ്പു'; കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് മഹുവ മൊയിത്ര

Synopsis

'ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് നരേന്ദ്ര മോദി സർക്കാർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താഴേക്ക് വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കണം'.

ദില്ലി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്ര. വ്യാവസായിക വളർച്ച താഴോട്ടാണെന്ന് മഹുവ മൊയിത്ര ആരോപിച്ചു. സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ വ്യാജമാണെന്നും അവർ വിമർശിച്ചു. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തുവിട്ട റിപ്പോർട്ട് ഉദ്ധരിച്ചാണ് അവർ കേന്ദ്രത്തെ വിമർശിച്ചത്. 2022–2023 വർഷത്തെ അധിക ഗ്രാന്റ് ആവശ്യത്തിനുമേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്ന തൃണമൂൽ എംപി.

വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ നാല് ശതമാനം കുറഞ്ഞ് 26 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉൽപാദന മേഖല 5.6 ശതമാനം ചുരുങ്ങി. ആരാണ് ഇപ്പോൾ യഥാർഥ പപ്പു. മറ്റുള്ളവരെ കരിതേക്കാനും കഴിവില്ലാത്തവരുമെന്ന് കാണിക്കാനുമാണ് നിങ്ങൾ പപ്പു എന്ന വാക്കുപയോ​ഗിച്ചത്. പക്ഷേ പുറത്തുവന്ന കണക്കുകൾ യഥാർഥ പപ്പു ആരാണെന്ന് കാണിക്കുന്നു- മഹുവ പറഞ്ഞു. എല്ലാ ബജറ്റ് കാലത്തും സമ്പദ്‌വ്യവസ്ഥ നല്ല രീതിയിൽ പോകുന്നുവെന്ന് കാണിക്കാനുള്ള പൊടിക്കൈകൾ ചെയ്യും. പക്ഷേ ഡിസംബറിൽ സത്യം പുറത്തുവരും. ബജറ്റിൽ കണക്കുകൂട്ടിയതിനേക്കാൾ 3.26 ലക്ഷം കോടി രൂപയാണ് ഇപ്പോൾ സർക്കാരിന് വേണ്ടത്. ഒരു വർഷത്തിനുള്ളിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 72 ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയെന്നും അവർ പറഞ്ഞു.

ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് നരേന്ദ്ര മോദി സർക്കാർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. താഴേക്ക് വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കണം. വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) വ്യവസായ മേഖലകളിൽ പതിനേഴും നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ഇന്ത്യൻ പൗരത്വം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് കണക്കുകൾ പറയുന്നു. മോദി സർക്കാർ അധികാരമേറ്റെടുത്ത 2014 മുതൽ ഈ 9 വർഷത്തിൽ ആകെ 12.5 ലക്ഷം പേർ ഇന്ത്യൻ പൗരത്വം വെടിഞ്ഞു.

വിദേശരാജ്യങ്ങളുടെ പൗരത്വം നേടാൻ ഇന്ത്യക്കാർ വലിയ തുക മുടക്കാൻ തയാറാണെന്ന് ഇതുകാണിക്കുന്നു.  ഉയർന്ന വരുമാനമുള്ളവരുടെയും വ്യവസായികളുടെയും മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാള്‍ തൂങ്ങിക്കിടക്കുകയാണ്. കോടിക്കണക്കിന് രൂപ നൽകി എംഎൽഎമാരെ ഭരണകക്ഷി വാങ്ങുന്നു. പക്ഷേ ഇഡിയുടെ അന്വേഷണ പരിധിയിൽ 95 ശതമാനവും പ്രതിപക്ഷ കക്ഷി നേതാക്കളാണെന്നും മൊയിത്ര ആരോപിച്ചു. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ