15,200 ആശുപത്രികളില്‍ ഇനി ക്യാഷ്‌ലെസ്സ് ചികിത്സയില്ല, ബജാജ് അലയന്‍സ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഇന്‍ഷുറന്‍സ് എടുത്തവര്‍ എന്ത് ചെയ്യണം?

Published : Aug 27, 2025, 01:51 PM IST
Life Insurance Policy

Synopsis

ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ചികിത്സാ ചെലവ് മുഴുവന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും.

സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല. പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍ അധികം ആശുപത്രികളാണ് ഈ തീരുമാനം എടുത്തത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ആണ് ഈ വിവരം അറിയിച്ചത്.

ഈ നീക്കം ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കും. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍, ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിച്ചാല്‍ ചികിത്സ ലഭിക്കുന്ന സംവിധാനമാണ് ക്യാഷ്ലെസ് സൗകര്യം. ഈ സൗകര്യം ഇല്ലാതാകുന്നതോടെ, ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ചികിത്സാ ചെലവ് മുഴുവന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തിരികെ വാങ്ങണം. അടിയന്തര സാഹചര്യങ്ങളില്‍ വലിയ തുക കണ്ടെത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

എന്താണ് പ്രതിസന്ധിക്ക് കാരണം?

ഇന്‍ഷുറന്‍സ് കമ്പനിയും ആശുപത്രികളും തമ്മിലുള്ള തര്‍ക്കമാണ് ഈ സാഹചര്യത്തിന് പിന്നില്‍.

  • ചികിത്സാ നിരക്കിലെ തര്‍ക്കം: മരുന്നുകള്‍, ഉപകരണങ്ങള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയുടെ ചെലവ് വര്‍ധിച്ചതിനാല്‍ ആരോഗ്യമേഖലയില്‍ 7-8% വരെ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രികള്‍ പറയുന്നു. എന്നാല്‍ ബജാജ് അലയന്‍സ് പഴയ നിരക്കുകളാണ് ഇപ്പോഴും നല്‍കുന്നത്.
  • അകാരണമായി തുക വെട്ടിക്കുറയ്ക്കല്‍: ധാരണയിലെത്തിയ നിരക്കില്‍ പോലും ഇന്‍ഷുറന്‍സ് കമ്പനി പിന്നീട് തുക വെട്ടിക്കുറയ്ക്കുന്നു. ഇതിന് കൃത്യമായ കാരണം നല്‍കാറില്ലെന്നും ആശുപത്രികള്‍ പറയുന്നു.
  • പേയ്മെന്റുകളിലെ കാലതാമസം: ചികിത്സയ്ക്കുള്ള അനുമതി നല്‍കാനും , രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പണം കൈമാറാനും ഇന്‍ഷുറന്‍സ് കമ്പനി വളരെയധികം സമയം എടുക്കുന്നു. ഇത് ആശുപത്രികളുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നു.

നിലവിലെ നിരക്കില്‍ മുന്നോട്ട് പോകുന്നത് രോഗികളുടെ ചികിത്സയെ ബാധിക്കുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എപിഎച്ച്‌ഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി നിരക്കുകള്‍ പുതുക്കുകയും ഇടപാടുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യാതെ ക്യാഷ്ലെസ് ചികിത്സ നല്‍കുന്നത് അസാധ്യമാണെന്നാണ് ആശുപത്രികളുടെ നിലപാട്.

ഇതേസമയം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, ആശുപത്രികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു.

ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ശ്രദ്ധിക്കാന്‍

  • ആശുപത്രിയില്‍ വിളിച്ച് ഉറപ്പുവരുത്തുക: ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അവിടെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണോ എന്ന് വിളിച്ച് ചോദിച്ച് ഉറപ്പുവരുത്തുക.
  • പണം കരുതുക: അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാ ചെലവ് മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യമായ പണമോ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സംവിധാനങ്ങളോ കരുതുക.
  • രേഖകള്‍ സൂക്ഷിക്കുക: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പ്രത്യേകിച്ച് ഡിസ്ചാര്‍ജ് സമ്മറി, ബില്ലുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുക.
  • ക്ലെയിം സമര്‍പ്പിക്കുക: എല്ലാ രേഖകളും ചേര്‍ത്ത് വേഗത്തില്‍ത്തന്നെ റീഇംബേഴ്‌സ്‌മെന്റിനായി അപേക്ഷിക്കുക.
  • അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക: ഇന്‍ഷുറന്‍സ് കമ്പനിയും ആശുപത്രി സംഘടനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. പ്രശ്‌നം പരിഹരിച്ചാല്‍ ക്യാഷ്ലെസ് സൗകര്യം പുനഃസ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സിറ്റുവേഷന്‍ഷിപ്പ്' ഇനി പ്രണയത്തില്‍ മാത്രമല്ല, തൊഴിലിടങ്ങളിലും; 40 കഴിഞ്ഞാല്‍ 'ഔട്ട്', പകരം വരുന്നത് ചെറുപ്പക്കാരും എഐയും!
ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം