അദാനി എസ് ബി ഐ യിൽ നിന്ന് 14,000 കോടി രൂപ വായ്പ തേടിയത് എന്തിന് ?

By Web TeamFirst Published Jul 25, 2022, 12:15 PM IST
Highlights

രാജ്യത്ത് സമീപകാലത്ത് ഏതെങ്കിലും ഒരു കമ്പനി ആവശ്യപ്പെട്ട ഏറ്റവും ഉയർന്ന വായ്പാ തുകയാണിത്.

ലോകത്തെ നാലാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും അതിസമ്പന്നൻ ആയ ഗൗതം അദാനി ഈയടുത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 14,000 കോടി രൂപയുടെ വായ്പ തേടി. എന്താണ് ഇതിന് കാരണം? ഗുജറാത്തിലെ മുന്ദ്ര തുറമുഖം അദാനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ തുറമുഖത്തോട് ചേർന്ന് വമ്പൻ പദ്ധതികളാണ് ഗൗതം അദാനി ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായേക്കാവുന്നതാണ് ഈ പദ്ധതികൾ.

അതിലൊന്നാണ് കൽക്കരി - പോളി വിനൈൽ ക്ലോറൈഡ് പ്ലാന്റ്. മുന്ദ്ര തുറമുഖവുമായി ചേർന്ന് ഈ പദ്ധതിക്കായുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് അദാനിയും കൂട്ടരും. ഈ പ്ലാന്റ് നിർമ്മാണ ആവശ്യവുമായി ബന്ധപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വൻതുക അദാനിയുടെ കമ്പനി വായ്പ തേടിയിരിക്കുന്നത്. 14000 കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് സമീപകാലത്ത് ഏതെങ്കിലും ഒരു കമ്പനി ആവശ്യപ്പെട്ട ഏറ്റവും ഉയർന്ന വായ്പാ തുകയാണിത്. ഇക്കഴിഞ്ഞ മാർച്ചിലാണ് 12700 കോടിരൂപ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി എന്റർപ്രൈസസ് നേടിയത്. മുന്ദ്ര തുറമുഖത്തോട് ചേർന്ന് ഗ്രീൻഫീൽഡ് കോപ്പർ റിഫൈനറി പദ്ധതിക്കുവേണ്ടി 6071 കോടി രൂപ ഈയടുത്താണ് അദാനി കമ്പനി സമാഹരിച്ചത്. എസ് ബി ഐ യിൽ നിന്ന് ആവശ്യപ്പെട്ട പുതിയ ലോണിന് തിരിച്ചടവ് കാലാവധി യായി നിശ്ചയിച്ചിരിക്കുന്നത് 15 വർഷമാണ്. അതേസമയം ഈ വായ്പാ തുക ഒരു കൺസോർഷ്യം രൂപീകരിച്ച് അതു വഴി വിതരണം ചെയ്യാനാകും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുക എന്നും വിവരമുണ്ട്.

ഒരു സെക്കൻഡിൽ 1.4 കോടി രൂപ! അദാനിയുടെ വരുമാനം ഇതാണ്...

ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്.

ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്. 

Read More ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ഗൗതം അദാനി; സ്വന്തമാക്കിയത് നാലാം സ്ഥാനം

click me!