ആകാശത്ത് ജീവൻ രക്ഷിക്കുന്ന 'ഭക്ഷണത്തിലെ നിയമം'; ഒരേ കോക്ക്പിറ്റിൽ പൈലറ്റുമാർ വ്യത്യസ്ത ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?

Published : Oct 30, 2026, 11:26 AM IST
Flight cockpit

Synopsis

വിമാന സർവീസുകളിൽ പൈലറ്റും കോ-പൈലറ്റും വെവ്വേറെ തരം ഭക്ഷണമാണ് കഴിക്കുന്നത്. 1975-ലുണ്ടായ ഒരു ഭക്ഷ്യവിഷബാധ സംഭവത്തെ തുടർന്നാണ് ഈ സുരക്ഷാ മുൻകരുതൽ ഏവിയേഷൻ രംഗത്ത് നിലവിൽ വന്നത്. ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടായാൽ മറ്റെയാൾക്ക് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിക്കും എന്ന് ഇത് ഉറപ്പാക്കുന്നു.

പതിനായിരക്കണക്കിന് അടി ഉയരത്തിൽ വിമാനം പറത്തുമ്പോൾ പൈലറ്റുമാരുടെ ഓരോ ചെറിയ തീരുമാനത്തിനും വലിയ വിലയുണ്ട്. അതിലൊന്നാണ് അവർ കഴിക്കുന്ന ഭക്ഷണം. കോക്ക്പിറ്റിൽ ഒരുമിച്ചിരിക്കുന്ന രണ്ട് പൈലറ്റുമാർ...ഇവർക്ക് എയർലൈൻസ് നൽകുന്നത് വ്യത്യസ്ത സമയങ്ങളിലായി രണ്ട് തരം ഭക്ഷണം.. കേൾക്കുമ്പോൾ വളരെ സാധാരണമായി തോന്നാം. എന്നാൽ, സിനിമാക്കഥകളെ വെല്ലുന്ന ഒരു യഥാർത്ഥ ദുരന്താനുഭവമാണ് ആഗോള തലത്തിൽ പിന്തുടരുന്ന കർശനമായ ഈ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പിന്നിൽ.

1975 ഫെബ്രുവരി 3-നാണ് ഈ അലിഖിത നിയമത്തിന് ആധാരമായ ഈ വലിയ സംഭവം ഉണ്ടാകുന്നത്. ടോക്കിയോയിൽ നിന്ന് ആങ്കറേജ് വഴി കോപൻഹേഗനിലേക്ക് പറന്ന ജപ്പാൻ എയർലൈൻസിന്റെ ബോയിംഗ് 747 വിമാനത്തിൽ 344 യാത്രക്കാരും 20 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ നൽകിയ ഹാം ഓംലെറ്റ് കഴിച്ച 143-ഓളം യാത്രക്കാർക്ക് പെട്ടെന്ന് കടുത്ത ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഭക്ഷണം തയ്യാറാക്കിയ ആങ്കറേജിലെ കേറ്ററിംഗ് ജീവനക്കാരന്റെ കൈയിലെ മുറിവിൽ നിന്നുള്ള 'സ്റ്റാഫിലോകോക്കസ് ഓറിയസ്' (Staphylococcus aureus) എന്ന ബാക്ടീരിയ വഴിയാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തി.

അന്ന് ആ വിമാനത്തിലെ പൈലറ്റുമാർ ഓംലെറ്റിന് പകരം സ്റ്റീക്ക് (Steak) കഴിക്കാൻ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായതും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചതും. പിന്നീട് 1975 സെപ്റ്റംബറിൽ പ്രമുഖ മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റിൽ' (The Lancet) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ്, വിമാനത്തിലെ പൈലറ്റുമാർ രണ്ടുപേരും വ്യത്യസ്ത പാചകക്കാർ തയ്യാറാക്കിയ വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കണമെന്ന് നിർദ്ദേശിക്കുന്നത്.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (FAA) ഔദ്യോഗിക നിയമമല്ലെങ്കിൽ പോലും, ലോകത്തെ ഭൂരിഭാഗം എയർലൈനുകളും തങ്ങളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിന്റെ (SOP) ഭാഗമായി ഈ രീതി നിർബന്ധമായും പിന്തുടരുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് മുൻപ് രണ്ടു പൈലറ്റുമാരും തങ്ങൾ തെരഞ്ഞെടുത്ത ഭക്ഷണം ഒന്നല്ലെന്ന് കോക്പിറ്റിൽ വെച്ച് ഉറപ്പുവരുത്തണം. വ്യത്യസ്ത സമയങ്ങളിലാണ് ഇവർ ഭക്ഷണം കഴിക്കുന്നത്. ഇതിൽ ഒരാൾക്ക് ഭക്ഷ്യവിഷബാധയേറ്റാലും രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാൻ സാവകാശം ലഭിക്കും.

ഒരാൾക്ക് ഫസ്റ്റ് ക്ലാസ് ഗാലറിയിൽ നിന്നും അടുത്തയാൾക്ക് ബിസിനസ് ക്ലാസ് ഗാലറിയിൽ നിന്നുമാണ് സാധാരണയായി ഭക്ഷണം നൽകുന്നത്. ചില കമ്പനികൾ പൈലറ്റുമാർക്കായി പ്രത്യേക അടുക്കളകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കി സീൽ ചെയ്ത പാക്കറ്റുകളിൽ എത്തിച്ചുനൽകുന്നു. വിമാനത്തിന്റെ എൻജിൻ, ഹൈഡ്രോളിക് സിസ്റ്റം എന്നിവയിലെല്ലാം ഒന്നിലധികം ബാക്കപ്പുകൾ നൽകുന്ന വ്യോമയാന മേഖലയിലെ 'റിഡണ്ടൻസി'യുടെ ഭാഗമായാണ് പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിലും ഈ മുൻകരുതൽ സ്വീകരിക്കുന്നത്.

എൻജിനിലും ഹൈഡ്രോളിക് സിസ്റ്റത്തിലും മാത്രമല്ല, പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിലും കൃത്യമായ ബാക്കപ്പ് സിസ്റ്റം ഒരുക്കിയാണ് ഓരോ വിമാനവും പറന്നുയരുന്നത്. സാങ്കേതിക തകരാറുകൾ മാത്രമല്ല, മനുഷ്യസഹജമായ ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങൾക്ക് കാരണമാകാതിരിക്കാനാണ് ഇത്തരം മുൻകരുതലുകൾ. ഒരാൾ തളർന്നാലും മറ്റൊരാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും എന്ന ഉറപ്പാണ് വ്യോമയാന മേഖലയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്രാമാർഗമാക്കുന്നത്. പൈലറ്റുമാരുടെ ഭാഗത്തുണ്ടാകുന്ന ഒരു ചെറിയ വീഴ്ച പോലും വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ആകാശയാത്രകളിൽ, പൈലറ്റുമാരുടെ ഭക്ഷണത്തിലെ ഈ വ്യത്യാസം ഒരു സിങ്കിൾ റൂൾ മാത്രമല്ല, നൂറുകണക്കിന് ജീവനുകൾക്ക് നൽകുന്ന ഉറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഡി- ഡോളറൈസേഷൻ? ഡോളറിന്റെ ആധിപത്യം കുറയ്ക്കാൻ കറൻസി വിപ്ലവവുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രം; ക്ഷാമബത്തയിൽ 3 ശതമാനത്തിന്റെ വർധനവ്