
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനെയും ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും പരസ്യ കാമ്പെയ്നുകളില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ബൈജൂസിന്‍റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ഈ താരങ്ങളെ ഉള്‍പ്പെടുത്തിയത് വെറും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും, ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുക എന്ന ബൈജൂസിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായിരുന്നുവെന്നും ബൈജൂ വ്യക്തമാക്കി. പരസ്യങ്ങളിലൂടെ ഷാറൂഖ് ഖാന്‍ ഞങ്ങളുടെ പുതിയ വിഭാഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നുവെന്നും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത സംരംഭത്തെക്കുറിച്ചാണ് മെസ്സി സംസാരിച്ചതെന്നും ബൈജു രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
തെറ്റായ തീരുമാനങ്ങളും തിരിച്ചടികളും
2022-ല്‍ 22 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുകയും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി വാഴ്ത്തപ്പെടുകയും ചെയ്ത ബൈജൂസിന് പിന്നീട് കാര്യമായ തിരിച്ചടികള്‍ നേരിടേണ്ടി വന്നു. വര്‍ധിച്ച കടബാധ്യത, നിയമപരമായ പ്രശ്നങ്ങള്‍, പരാജയപ്പെട്ട ആഗോള വികസന ശ്രമങ്ങള്‍ എന്നിവ കമ്പനിക്ക് ഭാരമായി മാറി. പ്രത്യേകിച്ച് മഹാമാരിയുടെ സമയത്തുണ്ടായ അതിവേഗത്തിലുള്ള അന്താരാഷ്ട്ര വ്യാപനം ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് ബൈജൂ രവീന്ദ്രന്‍ സമ്മതിച്ചു.ഒരുപക്ഷേ ഞങ്ങള്‍ക്ക് കുറച്ചുകൂടി സാവധാനം മറ്റ് രാജ്യങ്ങളിലേക്ക് പോകാമായിരുന്നുവെന്നും ഇന്ത്യയില്‍ നിന്ന് വളരെ പെട്ടെന്ന് 21 പുതിയ രാജ്യങ്ങളിലേക്ക് പോയത് തെറ്റായ തീരുമാനമായിയെന്നും അദ്ദേഹം പറഞ്ഞു. 2019 മുതല്‍ 2021 വരെയുള്ള കോവിഡ് കാലഘട്ടത്തില്‍, ലോകോത്തര നിക്ഷേപകരും ഇക്വിറ്റി നിക്ഷേപകരുമായി 160 നിക്ഷേപകര്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നു. വളരുക, വളരുക, കുട്ടികള്‍ പഠിക്കുന്ന രീതി മാറ്റുക എന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യമെന്നും ബൈജു പറഞ്ഞു
2021-ല്‍ 1.2 ബില്യണ്‍ ഡോളറിന്‍റെ ടേം ലോണ്‍ നേടിയ തീരുമാനവും തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കൂടാതെ, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, വര്‍ദ്ധിച്ചുവരുന്ന പലിശ നിരക്ക് തുടങ്ങിയ വലിയ സാമ്പത്തിക വെല്ലുവിളികള്‍ കമ്പനിയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കി. കരാറുകള്‍ നിലവിലുണ്ടായിരുന്നിട്ടും, പണം നല്‍കാന്‍ തയ്യാറാകാത്ത നിക്ഷേപകരുടെ നിലപാടും കമ്പനിക്ക് തിരിച്ചടിയായതായി ബൈജൂ ചൂണ്ടിക്കാട്ടി. 2015-ല്‍ സ്ഥാപിതമായ ബൈജൂസ്, ഇന്ത്യയുടെ എഡ്ടെക് വിപ്ലവത്തിന്‍റെ പ്രതീക്ഷയായി കണക്കാക്കപ്പെട്ടിരുന്നു. 2019-ല്‍ യൂണികോണ്‍ പദവി നേടിയ കമ്പനി കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള ഡിജിറ്റല്‍ പഠനരംഗത്തെ മഹാസരംഭമായി മാറി. എന്നാല്‍ ആ സ്വപ്നയാത്ര പെട്ടെന്ന് അവസാനിച്ചു. ഇപ്പോള്‍, മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധിയില്‍ കമ്പനി നിലനില്‍പ്പിനായി പോരാടുകയാണ്.