
കൊച്ചി കാൻസർ റിസർച്ച് സെന്റർ 2025 മേയ് അവസാനമോ ജൂൺ മാസമോ കേരളത്തിന് സമർപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിലെ മറ്റു കാൻസർ ചികിത്സാ കേന്ദ്രങ്ങളെപ്പോലെയല്ല, കൊച്ചി കാൻസർ സെന്ററിൽ ഗവേഷണം കൂടെ നടക്കും. ഇതിനായി ഇന്ദിരാഗാന്ധി ബയോടെക്നോളജി സെന്ററുമായി ധാരണയിൽ എത്തിയിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് വികസനം സാധ്യമായത് - മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയുടെ എറണാകുളം പതിപ്പ് മറൈൻഡ്രൈവ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. രാജീവ്. കെ.ജി മാക്സി എം.എൽ.എ അദ്ധ്യക്ഷനായി.
വിവിധ സർക്കാർ വകുപ്പുകളുടെ 194 തീം സർവീസ് സ്റ്റാളുകളും 82 വാണിജ്യ സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. മേയ് 23 വരെയാണ് മേള നടക്കുന്നത്. ദിവസവും വൈകീട്ട് വിവിധ ബാൻഡുകളുടെ സംഗീതനിശ നടക്കും. ഭക്ഷ്യമേളയും ഉണ്ടാകും. വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്.